പാകിസ്ഥാനില്‍ 'ഗുരു നാനാക്ക് മഹല്‍' തകര്‍ത്ത് കൊള്ളയടിച്ചു; ആക്രമണം അധികൃതരുടെ അറിവോടെ

പാകിസ്ഥാനില്‍ ചരിത്രപ്രസിദ്ധമായ “ഗുരു നാനാക്ക് മഹല്‍” തകര്‍ത്തു. അധികൃതരുടെ അറിവോടെ സ്ഥലവാസികളായ അക്രമികളാണ് തകര്‍ത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാല് നൂറ്റാണ്ട് പഴക്കമുള്ളതായിരുന്നു മഹല്‍. ഗുരുനാനാക്ക് കൊട്ടാരം എന്നറിയപ്പെട്ടിരുന്ന മന്ദിരം മഹലന്‍ എന്ന് പുനര്‍നാമകരണം ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. മഹലിലെ വിലപിടിപ്പുള്ള കതകുകളും ജനലുകളും മറ്റും അക്രമികള്‍ ഇളക്കിമാറ്റി വിറ്റു. ഒരു മുറിക്ക് 3 കതകുകള്‍ വീതമാണുണ്ടായിരുന്നത്. മതസ്ഥാപനങ്ങളുടെ ചുമതലയുള്ള ഔഖഫ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവോടെയായിരുന്നു അക്രമമെന്നാണ് ആരോപണം.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള നരോവാല്‍ നഗരത്തിലെ ബത്തന്‍വാലയിലാണ് സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്കിന്റെ പേരില്‍ അറിയപ്പെടുന്ന ഈ നാല് നില മന്ദിരം സ്ഥിതി ചെയ്യുന്നത്. മഹലിന്റെ ഭിത്തികളില്‍ ഗുരു നാനാക്കിന്റെയും ഹിന്ദുരാജാക്കന്മാരുടെയും ചിത്രങ്ങളും അലങ്കരിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സിഖ് മതവിശ്വാസികള്‍ ഈ മന്ദിരം സന്ദര്‍ശിച്ചു വന്നിരുന്നു.

ഔഖഫ് വകുപ്പിനെ അറിയിച്ച ശേഷം കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ തകര്‍ത്തെന്നും ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ലെന്നും സ്ഥലവാസികള്‍ പറഞ്ഞു. കെട്ടിടത്തെ പറ്റി റവന്യു രേഖകളില്‍ ഒരു വിവരവുമില്ലെന്നും ബോര്‍ഡിന്റെ വസ്തുവാണെന്നു തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് അധികൃതര്‍.