ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി; മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായി തുടരും

സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി. മുഴുവന്‍ മന്ത്രിമാരും രാജിവച്ച് ഒഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി ദിനേശ് ഗുണവര്‍ധന വ്യക്തമാക്കി. ഞായറാഴ്ച രാത്രി വൈകി നടന്ന യോഗത്തിലാണ് സ്ഥാനങ്ങള്‍ രാജി വയ്ക്കുന്നതായി മന്ത്രിമാര്‍ അറിയിച്ചത്. 26 മന്ത്രിമാരാണ് രാജി കത്ത് നല്‍കിയത്. എന്നാല്‍ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ തുടരും. ഉടനെ തന്നെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.

പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മഹിന്ദ രാജപക്സെ രാജി വച്ചതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കി.

മഹിന്ദ രാജപക്സെയുടെ മൂത്തമകനും കായിക മന്ത്രിയുമായ നമല്‍ രാജപക്സെയും രാജി വച്ചവരുടെ കൂട്ടത്തിലുണ്ട്. എല്ലാ സ്ഥാനങ്ങളില്‍ നിന്നും താന്‍ ഒഴിയുന്നുവെന്ന് പ്രസിഡന്റിന്റെ സെക്രട്ടറിയെ അറിയിച്ചുവെന്നും, അത് പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജ്യത്ത് സ്ഥിരത സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും നമല്‍ രാജപക്സെ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ശ്രീലങ്കന്‍ തെരുവുകളില്‍ പ്രതിഷേധം കനക്കുകയാണ്. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തി നീക്കി. തലസ്ഥാനമായ കൊളംബോയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം അരങ്ങേറി. കര്‍ഫ്യൂ ലംഘിച്ചതിന് 664 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

പ്രസിഡന്റ് ഗോതബായ രാജപക്സെയ്ക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, യൂട്യൂബ് എന്നിവയുള്‍പ്പെടെ എല്ലാ സമൂഹ മാധ്യമങ്ങള്‍ക്കും ശനിയാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ നമല്‍ രാജപക്സെ ഉള്‍പ്പടെ രംഗത്ത് വന്നതോടെ ഇന്നലെ വിലക്ക് പിന്‍വലിച്ചു.

ശനിയാഴ്ച വൈകുന്നേരം 6 ന് ആരംഭിച്ച 36 മണിക്കൂര്‍ കര്‍ഫ്യൂ തിങ്കളാഴ്ച രാവിലെ 6 വരെ തുടരും. ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ എന്നിവയ്ക്ക് വലിയ ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. കുത്തനെയുള്ള വിലക്കയറ്റവും, മണിക്കൂറുകള്‍ നീണ്ട പവര്‍കട്ടും ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്.