ഗാസയിലെ വെടിനിർത്തൽ അവസാനിച്ചു; സൈനിക നീക്കം പുനരാരംഭിച്ചെന്ന് ഇസ്രയേൽ, വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ

ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം ഗാസയിൽ സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറി ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നും ഗാസയിൽ നിന്ന് റോക്കറ്റുകൾ പതിച്ചെന്നും ആരോപിച്ചാണ് ഇസ്രയേലിന്റെ നടപടി.

വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഗാസയിൽ ഹമാസ് ബന്ദികളാക്കിയ 110 പേരെ മോചിപ്പിച്ചിരുന്നു. ഇസ്രയേൽ 240 പേരെയാണ് ഇക്കാലയളവിൽ മോചിപ്പിച്ചത്.

ആക്രമണം പുനഃരാരംഭിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ വടക്കൻ ഗാസയിൽ വ്യോമാക്രമണം ആരംഭിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലും വടക്കൻ ഗാസയിലും പലസ്തീനിലെ സായുധ സംഘങ്ങളും ഇസ്രയേലി സായുധ സംഘങ്ങളും തമ്മിൽ ഏറ്റമുട്ടലുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. ഗാസ മുനമ്പിൽ ഇസ്രയേലി ടാങ്കറുകൾ നുസേറത്തിലെയും ബുറേജിയിലേയും അഭയാർത്ഥി ക്യാമ്പുകളുടെയും സമീപത്ത് ഷെല്ലാക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നീട്ടാനുള്ള സമയപരിധി ഇന്നത്തോട് അവസാനിച്ചിരുന്നു. വെടിനിർത്തൽ നീട്ടുന്നതിനെ കുറിച്ച് ഇന്ന് അമേരിക്ക, ഈജിപ്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരകണം ഒന്നും പുറത്തുവന്നിട്ടില്ല.

നാല് ദിവസത്തേയ്ക്കായി പ്രഖ്യാപിച്ച വെടിനിർത്തൽ പിന്നീട് ഏഴ് ദിവസത്തേയ്ക്ക് നീട്ടുകയായിരുന്നു. ഖത്തറിൽ നടന്ന ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായിട്ടായിരുന്നു വെടിനിർത്തൽ മൂന്ന് തവണയായി നീട്ടിയത്.