'ആഗോളതലത്തില്‍ വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്നു'; ഫെയ്‌സ്ബുക്ക് നടപടിയില്‍ പ്രതിഷേധിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ രാജിവെച്ചു

ഫെയ്‌സ്ബുക്കിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയർ രാജിവെച്ചു. അടുത്തിടെ ഉണ്ടായ പല വിദ്വേഷ പ്രചാരണങ്ങളെ തടുക്കുന്നതില്‍ ഫെയ്‌സ്ബുക്കിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് അശോക് ചന്ദ്‌വാനെ എന്ന എന്‍ജിനീയര്‍ രാജി പ്രഖ്യാപിച്ചത്. അമേരിക്കയിലും ആഗോളതലത്തിലും വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്ന ഫെയ്‌സ്ബുക്കിന് വേണ്ടി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് അശോക് കമ്പനിയെ അറിയിച്ചു.

ഫെയ്‌സ്ബുക്ക് ഒരു സ്ഥാപനമെന്ന നിലയ്ക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും സാമൂഹിക നന്മയിലൂടെയാണ് ലാഭം ഉണ്ടാക്കുന്നതെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ ഉണ്ടായ പല വിദ്വേഷ പ്രചാരണങ്ങളെ തടുക്കുന്നതില്‍ ഫെയ്‌സ്ബുക്കിന് വീഴ്ച സംഭവിച്ചു. ട്രംപ് നടത്തിയ വിദ്വേഷപരാമര്‍ശങ്ങള്‍ക്ക് എതിരെ യാതൊരു നടപടി സ്വീകരിക്കാനും ഫെയ്‌സ്ബുക്ക് തയ്യാറായില്ല. വംശീയത, ആക്രമണം നടത്താനുള്ള ആഹ്വാനങ്ങള്‍ എന്നിവയെ ചെറുക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിച്ചില്ല. മ്യാന്‍മാറിലെ വംശഹത്യ, കെനോഷയിലെ ആക്രമങ്ങള്‍, വംശീയവാദങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഫെയ്‌സ്ബുക്കിന് പങ്കുണ്ട്. ഫെയ്‌സ്ബുക്കിന് വീഴ്ച സംഭവിച്ച നിലപാടുകളെ ഊന്നിപ്പറഞ്ഞു കൊണ്ടാണ് അശോകിന്റെ രാജി.

അതേസമയം അശോക് ഉന്നയിച്ചതു പോലെ വിദ്വേഷ പ്രചാരണങ്ങളില്‍ നിന്ന് ഫെയ്‌സ്ബുക്ക് സാമ്പത്തിക ലാഭം നേടുന്നില്ലെന്ന് ഫെയ്‌സ്ബുക്ക് വക്താവ് ലിസ് ബര്‍ഗിയോസ് പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് ഫെയ്‌സ്ബുക്ക് ഓരോ വര്‍ഷവും പോളിസ് രൂപീകരണത്തിന് വേണ്ടി ചെലവഴിക്കുന്നത്. വിദ്വേഷ പ്രചാരണത്തെ ഫെയ്‌സ്ബുക്ക് പിന്തുണയ്ക്കുന്നില്ലെന്നും അശോകിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും ലിസ് പറഞ്ഞു.