പത്ത് ദിവസം ചിരിക്കരുത്, മദ്യപിക്കരുത്, ഷോപ്പിം​ഗ് നടത്തരുത്; വിചിത്ര വിലക്കുമായി ഉത്തര കൊറിയ

വിചിത്രമായ നിയമങ്ങൾ കൊണ്ട് എന്നും ലോകത്തെ ഞെട്ടിക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. അടുത്ത പത്ത് ദിവസം ആരും ചിരിക്കാനോ, ഷോപ്പിംഗ് നടത്താനോ, മദ്യപിക്കാനോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. ഉത്തരകൊറിയൻ പരമോന്നത നേതാവ് ആയിരുന്ന കിം ജോംഗിന്റെ പത്താം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ചാണ് നിരോധനം.

1994 മുതൽ 2011 വരെ ഉത്തര കൊറിയ ഭരിച്ച നേതാവാണ് കിം ജോങ്-ഇൽ. നിലവിലെ ഭരണാധികാരിയായ കിം ജോങ്-ഉനിന്റെ പിതാവ്. ചരമവാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് പത്ത് ദിവസത്തെ ദുഃഖാചരണമുണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള കടുത്ത വിലക്കുകൾ. പത്ത് ദിവസവും നിയന്ത്രണങ്ങൾ കർശനമായി പിന്തുടരണമെന്നും ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ, ഈ നിയമങ്ങൾ ലംഘിച്ച ആളുകളെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു കൊണ്ടുപോയിരുന്നു. എന്നാൽ, പിന്നീടൊരിക്കലും അവരെ ആരും കണ്ടിട്ടില്ല എന്നും പറയപ്പെടുന്നുണ്ട്. അതേസമയം കിം ജോങ് ഇല്ലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തര കൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിൽ ഫോട്ടോഗ്രാഫിയുടെയും കലയുടെയും ഒരു പൊതുപ്രദർശനം, ഒരു കോൺസെർട്ട് എന്നിവയെല്ലാം അതിൽ പെടുന്നു.