ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം, വന്‍ അഭയാര്‍ത്ഥി പ്രവാഹത്തിന് സാദ്ധ്യത

ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടി. ഇന്ധനത്തിനായി ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പെട്രോള്‍ പമ്പുകളില്‍ ജനങ്ങള്‍ തടിച്ചു കൂടുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതിനെ തുടര്‍ന്ന് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹം രൂക്ഷമാകാനും സാധ്യതയുണ്ട്.

തലസ്ഥാനമായ കൊളംബോയിലടക്കം ഇന്ധന ക്ഷാമം നേരിടുന്നതോടെ രാജ്യം മുഴുവന്‍ ഇരുട്ടിലായി. ദിവസവും അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ പവര്‍കട്ട് പ്രഖ്യാപിച്ചു. കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു.

പ്രതിസന്ധി രൂക്ഷമായതോടെ ശ്രീലങ്കയില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്യുകയാണ്. വന്‍ തോതില്‍ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പാക്ക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി.

ശ്രീലങ്കയെ അതി തീവ്ര പ്രതിസന്ധിയിലേക്ക് തള്ളി വിട്ട പ്രസിഡന്റ് രാജി വയക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യം ശക്തമാണ്്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് വില കുത്തനെ ഉയര്‍ത്തി. കൊളംബോ തുറമുഖത്തെത്തിയ 1500 കണ്ടെയ്‌നര്‍ ഭക്ഷണ വസ്തുക്കള്‍ പോലും കടത്തുകൂലി ഡോളറില്‍ വേണമെന്ന് നിര്‍ബന്ധത്തെ തുടര്‍ന്ന് ഇറക്കാനായിട്ടില്ല.

സ്വാതന്ത്രം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നു പോകുന്നത്. ഇന്ധന ക്ഷാമം, പണപ്പെരുപ്പം, വിദേശ കരുതല്‍ ധനശേഖരം താഴ്ന്നത് തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യ, ചൈന എന്നിവയടക്കമുള്ള രാജ്യങ്ങളോട് വായ്പാ സഹായം തേടിയിരിക്കുകയാണ് ലങ്കന്‍ സര്‍ക്കാര്‍.

ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തിനകത്തെ ചരക്കു ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ഉക്രൈന്‍ – റഷ്യ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും, കോവിഡിനെ തുടര്‍ന്ന വിനോദ സഞ്ചാര മേഖല മന്ദഗതിയിലായതും പ്രതിസന്ധിക്ക് കാരണമായി. 700 കോടി ഡോളറിലധികം വിദേശ കടവും ശ്രീലങ്കയ്ക്കുണ്ട് ഇതും പ്രതിസന്ധി രൂക്ഷമാക്കി.