കോവിഡ് പ്രതിരോധത്തിന് ​ഗുളികയും; ആദ്യ അനുമതി നൽകി ബ്രിട്ടൻ

കോവിഡ് രോ​ഗപ്രതിരോധത്തിന് വാക്സിനേഷന് പുറമേ ​ഗുളികകളും രം​ഗത്ത്. കോവിഡ്-19നെതിരായ ​ഗുളികയ്ക്ക് ആദ്യ രാജ്യമായി ബ്രിട്ടനാണ് അനുമതി നൽകിയത്. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ‘മോള്‍നുപിരവിര്‍’ എന്ന ആന്‍റിവൈറല്‍ ഗുളികയ്ക്കാണ് അനുമതി.

ലോകത്ത് ആദ്യമായാണ് ഒരു ആന്‍റി വൈറല്‍ ഗുളിക കോവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്. എങ്ങനെയായിരിക്കും മരുന്ന് കോവിഡ് രോഗികള്‍ക്ക് നല്‍കുക എന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ എം.എച്ച്.ആര്‍.എയും ബ്രിട്ടീഷ് സര്‍ക്കാരും വൈകാതെ പുറത്തു വിടും. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രിവാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ് അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു.

ബ്രിട്ടന് പുറമെ മറ്റ് രാജ്യങ്ങളും കോവിഡ് പ്രതിരോധ ഗുളിക വാങ്ങാനായി കാത്തിരിക്കുകയാണ്. ​ഗുളികകൾ ആവശ്യപ്പെട്ട് ഒമ്പതു കരാറുകളാണ് വിവിധ രാജ്യങ്ങൾ ഒപ്പുവെച്ചത്. ഗുളിക യു.എസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നവംബർ അവസാനത്തോടെ സമിതി ഈ അപേക്ഷ ചർച്ച ചെയ്യാനായി യോഗം ചേരുന്നുണ്ട്. എന്നാൽ മരുന്നിന് കൂടുതൽ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സമ്പന്ന രാജ്യങ്ങൾ ഇവ വാങ്ങുന്നതിനുള്ള ഇടപാടുകൾക്കായി നെട്ടോട്ടമോടുകയാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.