രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ശിക്ഷിക്കും, വിട്ടുവീഴ്ചയില്ലാതെ ചൈന

രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ചൈന. വീരനായകരുടെയും ദേശസ്‌നേഹത്തിന്റെയും മഹത്ത്വം ഉയര്‍ത്തിപ്പിടിക്കാനാണ് ഇങ്ങനൊരു നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്ന്് നാഷ്ണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ വെബ്സൈറ്റ് വ്യക്തമക്കുന്നത്.

രക്തസാക്ഷികളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെയും രക്തസാക്ഷി സ്മാരകങ്ങള്‍ക്കടുത്തുള്ള ഭൂമി നിയമവിരുദ്ധമായി കയ്യേറുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പിഴശിക്ഷയോ ക്രിമിനല്‍ നടപടികളോ ആയിരിക്കും നേരിടേണ്ടിവരിക. സ്മാരകങ്ങള്‍ക്കടുത്തുള്ള ഭൂമി നിയമവിരുദ്ധമായി കൈയേറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും.

ദേശീയപതാകയെയും ചിഹ്നത്തെയും അപമാനിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള നിയമം വര്‍ഷങ്ങളായി ചൈനയിലുണ്ട്. ദേശീയഗാനത്തെ അപമാനിക്കുന്നവരെ മൂന്ന് വര്‍ഷം വരെ തടവിനു ശിക്ഷിക്കാനുള്ള നിയമത്തിന് കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. ഷി ജിന്‍പിങ് ചൈനീസ് പ്രസിഡന്റായതിനുശേഷം “ദേശസ്നേഹത്തിന്റെ സത്ത” വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.