സൗദി അറേബ്യയിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന നെതന്യാഹുവിന്റെ ആഹ്വാനത്തിനെതിരെ ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ എംപിമാർ രംഗത്ത്

പലസ്തീനികൾ സ്വന്തം രാജ്യത്തിനു പകരം സൗദി അറേബ്യയിൽ ഒരു രാഷ്ട്രം സ്ഥാപിക്കണമെന്ന് അഭിപ്രായപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശത്തെ ബ്രിട്ടീഷ് ലേബർ പാർട്ടി എംപിമാർ അപലപിച്ചു. ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്നതിന് പലസ്തീൻ രാഷ്ട്രത്തിലേക്കുള്ള വ്യക്തമായ പാത ഒരു മുൻവ്യവസ്ഥയാണെന്ന് കഴിഞ്ഞ ഒരു വർഷമായി റിയാദ് വാദിച്ചിരുന്നു. വ്യാഴാഴ്ച ഇസ്രായേലിന്റെ ചാനൽ 14 ന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു ഈ ആശയത്തെ പുച്ഛിച്ചു തള്ളി.

“സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട്,” പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന രാജ്യത്തിന്റെ നിർബന്ധം തള്ളിക്കളഞ്ഞുകൊണ്ട് നെതന്യാഹു പറഞ്ഞു. ബ്രിട്ടീഷ് മുസ്ലീങ്ങളെക്കുറിച്ചുള്ള യുകെയിലെ ഓൾ-പാർട്ടി പാർലമെന്ററി ഗ്രൂപ്പിന്റെ വൈസ് ചെയർമാനായ ലേബർ എംപി അഫ്‌സൽ ഖാൻ മിഡിൽ ഈസ്റ്റ് ഐയോട് നടത്തിയ അഭിപ്രായത്തിൽ നെതന്യാഹുവിന്റെ നിർദ്ദേശങ്ങൾ “ബാർബറിക്ക്” ആണെന്ന് മുദ്രകുത്തി. “പലസ്തീനികൾക്ക് കൂടുതൽ കുടിയിറക്കം ആവശ്യമില്ല. അവർക്ക് ഒരു സ്വതന്ത്ര മാതൃഭൂമി ആവശ്യമാണ്,” അദ്ദേഹം പറഞ്ഞു.

‘സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും’ – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

“നെതന്യാഹുവിന്റെ കിരാതമായ നിർദ്ദേശങ്ങൾ ഒരു ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കലും ഗാസയെ വംശീയമായി തുടച്ചുനീക്കാനുള്ള പദ്ധതിയുമായിരിക്കും.” നിലവിൽ ലേബർ പാർട്ടിയാണ് ബ്രിട്ടണിൽ അധികാരത്തിലുള്ളത്, “പലസ്തീനികളെ കുടിയിറക്കാനുള്ള ഏതൊരു പദ്ധതിയെയും സർക്കാർ വ്യക്തമായി എതിർത്തിട്ടുണ്ട്. അന്താരാഷ്ട്ര നിയമത്തിന്റെ ഇത്തരം നഗ്നമായ ദുരുപയോഗങ്ങൾക്കെതിരെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു” ഖാൻ പറഞ്ഞു.