ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ച് അഫ്ഗാന് വിദേശകാര്യമന്ത്രി അമീര്‍ ഖാന് മുത്തഖി. നേരത്തെ അമിർ ഖാൻ മുത്താഖിയുടെ വാർത്താ സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിലേക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് അമീര്‍ ഖാന് മുത്തഖിയുടെ തീരുമാനം.
ഡല്‍ഹിയിലും യുപിയിലും നടന്ന വാര്ത്താസമ്മേളനങ്ങളിലായിരുന്നു വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയർന്നു. വനിതകളെ ഒഴിവാക്കിയ നടപടിയില്‍ സര്ക്കാന് മൗനം പാലിച്ചുവെന്നതായിരുന്നു പ്രധാന വിമര്‍ശനം. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സ് (ഐഡബ്ല്യുപിസി) എന്നിവയുള്‍പ്പെടെ നിരവധി മാധ്യമ സംഘടനകള്‍ ഈ നടപടിയെ ‘വിവേചനപരം’ എന്ന് അപലപിച്ചു.
വിയന്ന കണ്വെന്ഷന് പ്രകാരമുള്ള നയതന്ത്ര പരിരക്ഷ ഉള്‍പ്പെടെ ഒരു കാരണവശാലും വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ തീരുമാനത്തെ ന്യായീകരിക്കാനാവില്ലെന്ന് ഇരു സംഘടനകളും പറഞ്ഞു. അതേസമയം അഫ്ഗാന് മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് യാതൊരു പങ്കുമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്കിയ വിശദീകരണം. വാര്‍ത്താസമ്മേളനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞെടുത്തത് മുംബൈയിലെ അഫ്ഗാനിസ്താന്റെ കോണ്‍സുല്‍ ജനറലാണെന്നും വാര്‍ത്താസമ്മേളനം നടന്ന അഫ്ഗാന് എംബസി പ്രദേശം ഇന്ത്യന്‍സര്‍ക്കാരിന്റെ അധികാരപരിധിക്കുള്ളില്‍ വരില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് സ്ത്രീവിരുദ്ധതയുടെ പരസ്യമായ പ്രകടനമാണെന്നും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ അപമാനിച്ചതിന് തുല്യമാണെന്നും വിമർശനം ഉയർന്നു. വനിതാ മാധ്യമപ്രവർത്തകർക്കുള്ള വിലക്ക് സംഭവം ഞെട്ടിക്കുന്ന നടപടിയെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ പി ചിദംബരം പ്രതികരിച്ചു. പ്രതിഷേധിച്ച് പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോകണമായിരുന്നുവെന്നും ചിദംബരം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.







