ആമസോണ്‍ വന സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; പിന്നില്‍ വന നശീകരണം നടത്തുന്ന ക്രിമിനല്‍ സംഘമെന്ന് സംശയം

ആമസോണ്‍ മേഖലയിലെ വന നശീകരണത്തിനെതിരെ പ്രവര്‍ത്തിച്ച മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ വന നശീകരണം നടത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ആമസോണ്‍ മേഖലയിലെ ഭൂമി ദുരുപയോഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയുളള സംഘര്‍ഷങ്ങള്‍ക്കിടെയാണ് മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

എന്നാല്‍ 14 പേര്‍ മാത്രമാണ് ഇത്തരം കേസുകളില്‍ നിലവില്‍ വിചാരണ നേരിടുന്നത്. 2017 മുതലാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടിനായുള്ള പഠനങ്ങള്‍ ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് വടക്കന്‍ ബ്രസീലിലെ പാരായിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരം സംഭവങ്ങളില്‍ പരാതികളില്‍ അവഗണിക്കപ്പെടുകയാണെന്നും അതുകൊണ്ടാണ് ആരും ശിക്ഷിക്കപ്പെടാത്തതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിലയിരുത്തുന്നു.