'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

വൈറ്റ്ഹൗസിലെ അത്താഴവിരുന്നിനിടെ ഉണ്ടായ വെടിവയ്പ്പ് ഇറാൻ യുദ്ധത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘സംഭവത്തിന് ഇറാൻ സംഘർഷവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല. നമുക്ക് അറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ ഞാൻ അങ്ങനെ കരുതുന്നില്ല’ എന്നും വെടിവെപ്പിന് ശേഷം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.

തോക്കുധാരിയായ അക്രമി മാനസിക സ്ഥിരതയുള്ള ആളല്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. വെടിവെപ്പ് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ തന്നെ കീഴടക്കിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നമ്മുടെ റിപ്പബ്ലിക്കിന് നേരെ ഒരു കൊലയാളി ആക്രമണം നടത്തുന്നത് ഇത് ആദ്യമായല്ല. ഏകദേശം രണ്ട് വർഷം മുമ്പ് പെൻസിൽവേനിയയിലെ ബട്ട്‌ലറിലും, ഏതാനും മാസങ്ങൾക്ക് ശേഷം ഫ്ലോറിഡയിലെ പാം ബീച്ചിലും നമ്മൾ ഇതിന് സാക്ഷ്യം വഹിച്ചു. നിയമപാലകർ വീണ്ടും മികച്ച രീതിയിൽ തന്നെ പ്രവർത്തിച്ചു’ ട്രംപ് പറഞ്ഞു.

‘ആക്രമണം തികച്ചും അപ്രതീക്ഷിതമായിരുന്നു, എന്നാൽ സീക്രട്ട് സർവീസ് ഉദ്യോ​ഗസ്ഥരും നിയമപാലകരും അവിശ്വസനീയമാം വിധം അതിനോട് പ്രതികരിച്ചു. ഒന്നിലധികം ആയുധങ്ങളുമായി ഒരു വ്യക്തി സെക്യൂരിറ്റി ചെക്ക് പോയിന്റിലേക്ക് ഇരച്ചുകയറി. എന്നാൽ സീക്രട്ട് സർവീസിലെ ധീരരായ അംഗങ്ങൾ അയാളെ വീഴ്ത്തി. ഒരു ഉദ്യോഗസ്ഥന് വെടിയേറ്റു, പക്ഷേ സുരക്ഷാ കവചം മൂലം അദ്ദേഹം രക്ഷപ്പെട്ടു. ആ ഉദ്യോഗസ്ഥനോട് സംസാരിച്ചിരുന്നു. അദ്ദേഹം സുഖമായിരിക്കുന്നു’ ട്രംപ് കൂട്ടിച്ചേർത്തു.