യുക്രെയ്നിനെതിരെ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. തലസ്ഥാനമായ കീവിൽ നാലും ഡിനിപ്രോയിൽ ആറും പേരാണ് കൊല്ലപ്പെട്ടത്. കീവിൽ മാത്രം 51 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 700-ലധികം മിസൈലുകളും ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായും ഇതിൽ 642 എണ്ണം വെടിവെച്ചിട്ടതായും യുക്രൈൻ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ രണ്ട് ബഹുനില പാർപ്പിട സമുച്ചയങ്ങൾ തകർന്നതായും നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി മേയർ വിറ്റാലി ക്ലിറ്റ്‌ഷ്കോ അറിയിച്ചു.
Read more
ഗ്യാസ് സ്റ്റേഷനുകൾക്കും നിർമാണ മേഖലകൾക്കും സമീപം തീപിടുത്തമുണ്ടായതായും പലയിടത്തും വൈദ്യുതി ബന്ധം നിലച്ചതായും റിപ്പോർട്ടുകളുണ്ട്. തെക്കൻ നഗരമായ സപ്പോറീഷ്യയിലെ ഒരു വ്യവസായ ശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തിങ്കളാഴ്ച രാത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ പലരും ഷെൽട്ടറുകളിൽ അഭയം തേടിയിരുന്നു.







