തപ്തേജ് സിംഗിന് രക്ഷപ്പെടാമായിരുന്നു പക്ഷെ...

കാലിഫോർണിയയിലെ സാൻജോസ് റെയിൽ യാർഡിലുണ്ടായ വെടിവെപ്പിൽ മരിച്ച
ഒൻപതുപേരിൽ ഒരാളായ ഇന്ത്യക്കാരൻ തപ്തേജ് ദീപ് സിംഗിന് (36) അശ്രുപൂജ.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കാലിഫോർണിയയിലെ സാൻജോസ്
റെയിൽ യാർഡിലാണ് സാമുവേൽ കാസ്സിഡി (57) എന്ന സഹപ്രവർത്തകന്റെ വെടിയേറ്റ് ഒൻപതുപേർ ജീവൻ വെടിഞ്ഞത്. കൊലപാതകശേഷം ഇയാൾ സ്വയം ജീവനൊടുക്കി. ഇരട്ടവ്യക്തിത്വമുള്ള വിചിത്രസ്വഭാവക്കാരനായിരുന്നു
കൊലയാളി എന്ന് ഇയാളുടെ മുൻഭാര്യയും മുൻകാമുകിയും വെളിപ്പെടുത്തിയിരുന്നു.

6.30 ന് സാമുവേൽ കാസ്സിഡി  വെടിവെപ്പ് തുടങ്ങുമ്പോൾ തപ്തേജ്  ഒരുസ്ത്രീയെ രക്ഷപ്പെടുത്തി കാബിനിലുള്ളിലാക്കി വാതിലടച്ചു. അതിനുശേഷം സ്വയം രക്ഷപ്പെടാതെ  കെട്ടിടത്തിന് ചുറ്റും ഓടിനടന്ന് എല്ലാവരോടും ഒളിക്കാൻ വിളിച്ചുപറയുകയായിരുന്നു. ആ സമയത്താണ് അദ്ദേഹത്തിന് വെടിയേറ്റത്.

വധിക്കപ്പെട്ട മറ്റ് എട്ടുപേരും ജോലി ചെയ്തിരുന്ന ബ്ലോക്കിലല്ല തപ്തേജ്. പക്ഷെ അപകടം മനസ്സിലാക്കിയ അദ്ദേഹം അവിടേക്ക് ഓടി വരികയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തങ്ങൾക്കുവേണ്ടി ജീവൻ കൊടുത്ത തപ്തേജിനെക്കുറിച്ച് സഹപ്രവർത്തകർക്ക് നല്ലതുമാത്രമേ പറയാനുള്ളൂ.

Read more

ഇന്ത്യയിൽ ജനിച്ച തപ്തേജ് കഴിഞ്ഞ ഒൻപതു കൊല്ലമായി  യുഎസിൽ ലൈറ്റ് റെയിൽ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളും കൂട്ടുകുടുംബാദികളിൽ അധികം പേരും അവിടെത്തന്നെയുണ്ട്. നോർത്ത് സാൻജോസിലെ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മുന്നിൽ തപ്തേജിന്റെ പിതാവ് സരബ്ജിത്ത് സിംഗ് ഗില്ലും മറ്റു ബന്ധുക്കളും കെട്ടിപ്പിടിച്ചു കരയുന്ന കാഴ്ച
ഹൃദയഭേദകമായിരുന്നു. ഭാര്യയെയും മൂന്നുവയസ്സുള്ള മകനെയും ഒരുവയസ്സുള്ള മകളെയും വിട്ടാണ് തപ്തേജ് യാത്രയായത്.