ലക്ഷദ്വീപിനെ നശിപ്പിക്കാനുള്ള കേന്ദ്ര ശ്രമത്തിന് എതിരെ എന്‍.സി.പി നിലകൊള്ളുമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍

ലക്ഷദ്വീപിന്റെ സവിശേഷത മനസിലാക്കാതെയുള്ള തീരുമാനമാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. വികസനത്തിന്റെ പേരിലെന്ന പുകമറ സൃഷ്ടിച്ച് ലക്ഷദ്വീപിനെ നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും, അഡ്മിസ്‌ട്രേറ്റരുടെ തെറ്റായ നീക്കം ദ്വീപ് നിവാസികളെ അസ്വസ്ഥരാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപ് നിവാസികളെ വെല്ലുവിളിക്കുകയാണ് പ്രശ്‌നത്തില്‍ സംസ്ഥാനം ആലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും, സംഭവം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടും ധിക്കാരപരമായ നിലപാടാണ് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കുന്നത്. ലക്ഷദ്വീപിലെ ബിജെപി നേതാക്കളടക്കം അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്ക് എതിരാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് സംശയസ്പദമാണ്. വികസനത്തിന്റെ പേരിലല്ല നിലവിലെ നടപടിയെന്നും വിഷയത്തില്‍ എന്‍സിപി ലക്ഷദ്വീപിനൊപ്പമെന്നും അദ്ദേഹം പറഞ്ഞു.

Read more

മദ്യനിരോധനം ലക്ഷ്യദ്വീപിന്റെ സംസ്‌കാരത്തെ നശിപ്പിക്കുന്നതാണെന്നും, ഇതില്‍ നിന്ന് കേന്ദ്രം പിന്‍മാറണമെന്നും ലക്ഷദ്വീപ് എംപി ഫൈസല്‍ പറഞ്ഞു. കരട് ആക്ടിലെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് എന്നും ഇക്കാര്യത്തില്‍ മുഴുവന്‍ ആളുകളുടെയും പിന്തുണയും എംപി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ മറുപടി സംഭവത്തില്‍ ആശങ്കയുടെ അടിസ്ഥാനമില്ല എന്നായിരുന്നു. എന്നാല്‍ ദ്വീപ് നിവാസികളുടെ ജീവിതം കഷ്ടത്തിലാക്കുന്നതാണ് നിലവിലെ നടപടിയെന്ന് മന്ത്രി കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് അനുയോജ്യമായ നിലപാട് സ്വീകരിക്കുമെന്ന് എം പി വ്യക്തമാക്കി.