'നിങ്ങള്‍ കേസെടുത്തോ!', ബൂത്തില്‍ മാധ്യമങ്ങളെ കണ്ടതിന് എ.എന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ തര്‍ക്കം

തൃക്കാക്കരയില്‍ പോളിംഗ് ബൂത്തിലെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പൊലീസും തമ്മില്‍ തര്‍ക്കം. ലൊയോള എല്‍പി സ്‌കൂളിലെ ബൂത്തിലെത്തിയ മാധ്യമങ്ങളെ കണ്ടതോടെയാണ് പൊലീസ് ഇടപെട്ടത്. പുറത്ത് വച്ചേ മാധ്യമങ്ങളെ കാണാന്‍ പാടുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ വാക്കേറ്റമായി, ‘വേണമെങ്കില്‍ നിങ്ങള്‍ കേസെടുത്തോ’, എന്നായി സ്ഥാനാര്‍ത്ഥി.

രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ ശേഷമാണ് എ എന്‍ രാധാകൃഷ്ണന്‍ സ്‌കൂളിലെത്തിയത്. എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദ്ദേഹം.

ബൂത്തിന് ഇരുന്നൂറ് മീറ്ററെങ്കിലും അകലത്തേ മാധ്യമങ്ങളെയും ക്യാമറകളെയും അനുവദിക്കാനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യങ്ങളെല്ലാം വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ബൂത്തിന് തൊട്ടടുത്ത് അനുവദിക്കാനാകില്ല എന്ന നിലപാടിലാണ് പൊലീസ്.

യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജംഗ്ഷനില്‍ ബൂത്ത് 50ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി.

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ആകെ 1,96,805 വോട്ടര്‍മാരുണ്ട്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്ജെന്‍ഡറുമുണ്ട്.

Read more

പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ 3നു രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്.