ഒറ്റയാന് ഇണയെ വേണം; ആഫ്രിക്കന്‍ ആനയ്ക്ക് ഇണയെ തേടി ഡല്‍ഹി മൃഗശാല

27കാരനായ ആഫ്രിയ്ക്കന്‍ ഒറ്റയാന് ഇണയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി മൃഗശാലയിലെ അധികൃതര്‍. ശങ്കര്‍ എന്നാണ് ആനയുടെ പേര്. ആഫ്രിയ്ക്കന്‍ ആന വിഭാഗത്തില്‍ ഇവിടെയുള്ള ഒരേ ഒരു ആനയാണ് ശങ്കര്‍.

1998-ല്‍ ഇന്ത്യന്‍ രാഷ്ട്രപതിക്ക് സിംബാബ്‌വെയില്‍ നിന്ന് നയതന്ത്ര സമ്മാനമായി ലഭിച്ചതാണ് ഈ ആന. ആഫ്രിക്കയിലെ സാവന്നയിലെ പുല്‍മേടുകളില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന ശങ്കര്‍ രണ്ട് പതിറ്റാണ്ടിലോറെയായി തന്റെ നാട്ടില്‍ നിന്നും കിലോമീറ്ററുകള്‍ക്കിപ്പുറം ഡല്‍ഹി മൃഗശാലയിലെ കൂട്ടിലാണ് കഴിയുന്നത്. ആനയുടെ ഏകാന്തത അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് അധികൃതര്‍ ഇണയെ തേടുന്നത്.

ആനയ്ക്ക് വേണ്ടി ഇണയെ കണ്ടെത്തി നല്‍കാന്‍ കഴിയുമോ, അല്ലെങ്കില്‍ ആനയെ തിരികെ കൊണ്ടുപോകാമോ എന്ന് ആഫ്രിക്കയിലെ പാര്‍ക്കുകള്‍ക്ക് മൃഗശാല ഡയറക്ടര്‍ സോണാലി ഘോഷ് കത്തെഴുതിയിട്ടുണ്ട്. ശങ്കറിന്റെ ഏകാന്തത അവസാനിപ്പിക്കാന്‍ മഥുരയിലെ ആന സംരക്ഷണ കേന്ദ്രത്തില്‍ എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്ന് അന്വേഷിയ്ക്കാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശങ്കറിനെക്കുറിച്ച് ആന പ്രേമികളും ആശങ്കകള്‍ പങ്കുവയ്ക്കുന്നുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട ശങ്കറിന്റെ ഏകാന്തതയ്ക്ക് ഒരു പരിഹാരം കണ്ടത്തി തരണമെന്ന ആവശ്യവുമായി യൂത്ത് ഫോര്‍ അനിമല്‍സ് എന്ന സംഘടന അടുത്തിടെ ഒരു ഓണ്‍ലൈന്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. നികിത ധവാന്‍, നന്ദികാ കരുണാകരം എന്നീ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഈ ഹര്‍ജി നിര്‍മ്മിയ്ക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഒരു പിടിയാനയ്ക്ക് ഒപ്പമാണ് ശങ്കറിനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നത്. എന്നാല്‍ ഡല്‍ഹിയില്‍ എത്തി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് ചരിഞ്ഞു. ശങ്കറിനെ കൂടാതെ മറ്റൊരു ആഫ്രിയ്ക്കന്‍ ആന കൂടി ഇന്ത്യയിലുണ്ട്. അത് മൈസൂര്‍ മൃഗശാലയിലാണ് ഉള്ളത്.

മൃഗശാലയിലെ കൂടിനുള്ളില്‍ കിടന്നുകൊണ്ട് ശങ്കര്‍ കാണിയ്ക്കുന്ന പല ലക്ഷണങ്ങളും സമ്മര്‍ദ്ദത്തിന്റേത് ആകാമെന്നാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃത്യമായ ഇടവേളകളില്‍ ശങ്കറിനെ മൃഗഡോക്ടര്‍ പരിശോധിക്കുന്നുണ്ടെന്നാണ് മൃഗശാല അധികൃതരുടെ വിശദീകരണം.

ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് കൂടുതല്‍ ഒറ്റപ്പെട്ട് കഴിയുന്ന സ്വഭാവമാണ് ആഫ്രിക്കന്‍ ആനകളുടേത്. അതുകൊണ്ട് ഇവയെ ഏഷ്യന്‍ ആനകളോടൊപ്പം ചേര്‍ക്കാന്‍ കഴിയില്ല. മൈസൂര്‍ മൃഗശാലയിലുള്ളതു ഒരു ആഫ്രിയ്ക്കന്‍ കൊമ്പനാനയാണ്. രണ്ട് ആണ്‍ ആനകളെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയില്ലെന്നും ഇത് സാമാന്യം പ്രായമായ ആനയായതിനാല്‍ മൈസൂരില്‍ നിന്ന് അതിനെ എങ്ങോട്ടെങ്കിലും മാറ്റുന്നത് സമ്മര്‍ദ്ദത്തിന് കാരണമായേക്കാം എന്നും അധികൃതര്‍ പറയുന്നു.

ആനകളെ മൃഗശാലകളില്‍ സൂക്ഷിക്കുന്നത് സംബന്ധിയായ മാനദണ്ഡങ്ങളിലും അവയെ തനിയെ താമസിപ്പിക്കരുതെന്നാണ് വിശദമാക്കുന്നത്. ഏഷ്യന്‍ ആനകളെ അപേക്ഷിച്ച് ആഫ്രിക്കന്‍ ആനകളെ മെരുക്കി വളര്‍ത്തുന്നതും താരതമ്യേന കുറവാണ്. അതിനാല്‍ ശങ്കറിന് സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ എത്തിക്കണമെന്നാണ് മൃഗസ്‌നേഹികളുടെ പക്ഷം.

ആനകള്‍ ഒരു സാമൂഹിക ഇനമാണ്, കൂട്ടമായാണ് അവ ജീവിക്കുന്നത്. ആഫ്രിക്കന്‍ ആനയെ മെരുക്കി നിര്‍ത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം, സ്വതന്ത്രമായി ചുറ്റിക്കറങ്ങാന്‍ കഴിയുന്ന വിധത്തില്‍ അതിന്റെ പാര്‍പ്പിടത്തില്‍ മാറ്റങ്ങള്‍ വരുത്തുക എന്നതാണെന്ന് മഥുരയിലെ ആന സംരക്ഷണ പരിചരണ കേന്ദ്രം നിയന്ത്രിക്കുന്ന വൈല്‍ഡ് ലൈഫ് എസ്ഒഎസ് സഹസ്ഥാപകന്‍ കാര്‍ത്തിക് സത്യനാരായണന്‍ പറഞ്ഞു.

ആനയെ മഥുരയിലെ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഡല്‍ഹി മൃഗശാലയ്ക്ക് തോന്നിയാല്‍, അതിനെ സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അദ്ദേഹം അറിയിച്ചു.