യെദ്യൂരപ്പയുടെ വിധി; കാലാവധി പൂര്‍ത്തീകരിക്കാതെ നാലാം മടക്കം

ദക്ഷിണേന്ത്യയില്‍ താമരവിരിഞ്ഞമണ്ണില്‍ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ നേതാവാണ് ബൂകനക്കെരെ സിദ്ധലിംഗപ്പ യെദിയൂരപ്പ എന്ന ബി എസ് യെദ്യൂരപ്പ. കര്‍ണാടകയിലെ പ്രബല സമുദായമായ ലിഗായത്ത് അംഗം. സംസ്ഥാന ബിജെപിയിലെ അധികായനായ നേതാവ്. ഇടക്കാലത്ത് പാര്‍ട്ടിയുമായി വഴിപിരിഞ്ഞെങ്കിലും വീണ്ടും ബിജെപിയിലേക്ക്. 2019ല്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ വീണ്ടും കന്നട മണ്ണില്‍ മുഖ്യമന്ത്രി. കര്‍ണാടക ബിജെപി രാഷ്ട്രീയത്തിലെ ഉള്ളുകളികള്‍ ഇന്നും ഇന്നലെയും അല്ല തുടങ്ങിയത്. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നാലാം തവണയും ബി എസ് യെദ്യൂരപ്പ പടിയിറങ്ങുന്നു. നാലുതവണ മുഖ്യമന്ത്രിയായെങ്കിലും ഇന്നേവരെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തീകരിക്കാനാകാതെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.

രാഷ്ട്രീയ കുതിരക്കച്ചവടം പയറ്റി അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തീകരിക്കുന്ന മുഹൂര്‍ത്തത്തില്‍ നാടകീയമായ പിന്മാറ്റം. നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം രാജി വിവരം പുറത്തുവിടുന്നത്. 78 കടന്ന നേതാവിനെ മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

2019 ജൂലൈയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീണതോടെ, അധികാരമേറ്റ യെദിയൂരപ്പ, രണ്ട് വര്‍ഷമായി അധികാരത്തില്‍ തുടരുകയാണ്. എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സി പി യോഗേശ്വര്‍, എംഎല്‍സി എ എച്ച് വിശ്വനാഥ് എന്നിവര്‍ തന്നെ പരസ്യമായി നേരിട്ട് യെദിയൂരപ്പയ്ക്ക് എതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നു.

2006ല്‍ ഉപമുഖ്യമന്ത്രിയും, 2007ല്‍ ഏഴുദിവസവും, 2008ല്‍ മൂന്നുവര്‍ഷവും, 2018ല്‍ ആറുദിവസവും, 2019ല്‍ രണ്ടുവര്‍ഷവും മുഖ്യമന്ത്രി പദത്തില്‍. 1988ലും, 98ലും, 2016ലുമായി ഏഴുവര്‍ഷത്തോളം പാര്‍ട്ടി അധ്യക്ഷ പദത്തില്‍. 1970ല്‍ ശികാരിപുര്‍ ആല്‍എസ്എസ് ശാഖയുടെ കാര്യവാഹകായി രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. പിന്നീട് ജന സംഘത്തിന്റെ താലൂക്ക് പ്രസിഡന്റ്. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ വാസം. 85 ഓടെ ബിജെപി സംസ്ഥാന അധ്യക്ഷ പദത്തില്‍.

ഓപ്പറേഷന്‍ കമലയായിരുന്നു അവസാനത്തേത്. സംസ്ഥാനത്ത് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ജെഡിഎസ് എംഎല്‍എയെ കൂറുമാറ്റാന്‍ അദ്ദേഹത്തിന്റെ മകന് പണവും പദവിയും വാഗ്ദാനം ചെയ്തുവെന്നാണ് കേസ്. 2006ല്‍ ഉപമുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടത്തിയ റവന്യു ഭൂമികൈമാറ്റം അഴിമതിയാണെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. 2017ലെ വിവാദ സിഡിക്കഥ മറ്റൊരു ആരോപണം. അങ്ങനെ വിവാദങ്ങളും, കേസുകളും, ജയില്‍ ശിക്ഷയും എന്നുവേണ്ട എല്ലാം അനുഭവിച്ചിട്ടുണ്ട് ഇക്കാലത്തിനിടയില്‍.

ഇനി പുതിയ നേതാവിനെ ഉയര്‍ത്തിക്കാണിക്കണം ബിജെപിക്ക്. നിര്‍ണായക ശക്തിയായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങളെ ഒപ്പം നിര്‍ത്തണം. യുപി മോഡല്‍ കര്‍ണാടകത്തിലും പരീക്ഷിക്കണമെന്നാണ് പാര്‍ട്ടിക്കകത്തെ ഒരുവിഭാഗത്തിന്റെ വാദം. സമുദായഭേദമന്യേ സൗമ്യസമീപനമുള്ള യെദിയൂരപ്പയ്ക്ക് പകരം തീവ്രനിലപാടുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതൃത്വത്തിന്റെയും നിലപാട്. സംസ്ഥാനത്തെ 16 ശതമാനത്തോളം വരുന്ന വീരശൈവ – ലിംഗായത്ത് സമൂഹം ഒപ്പമാണ്. യെദിയൂരപ്പയെ മാറ്റിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ലിംഗായത്ത് നേതൃത്വം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളും സമുദായനേതൃത്വങ്ങളുടെ മുന്നറിയിപ്പും ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യം ഇനി കണ്ടറിയണം.