അലിഗഡ് സര്‍വകലാശാല കാമ്പസ് ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി; വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് പറഞ്ഞു വിടും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ അലിഗഡ് സര്‍വകലാശാല കാമ്പസ് ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാമ്പസ് ഒഴിപ്പിച്ച് വിദ്യാര്‍ത്ഥികളെ അവരുടെ വീട്ടിലേക്ക് പറഞ്ഞു വിടുമെന്നും പൊലീസ് മേധാവി പറഞ്ഞു. അലിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല. അതേസമയം, വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ക്കെങ്കിലും പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പൊലീസും വിദ്യാര്‍ത്ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 10 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുറത്ത് പാര്‍ക്ക് ചെയ്ത വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പൊലീസ് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചു.

വിദ്യാര്‍ത്ഥികള്‍ സംയമനം പാലിക്കണമെന്നും പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അലിഗഡ് കാമ്പസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.