ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോകത്തോട് വിശദീകരിച്ച രണ്ട് വനിതകൾ; ആരാണ് വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ന് പുലർച്ചെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിന് നേതൃത്വം നൽകിയത് കരുത്തരായ രണ്ട് വനിതകൾ. വ്യോമസേനയിൽ നിന്ന് വിംഗ് കമാൻഡർ വ്യോമിക സിങും കരസേനയിൽ നിന്ന് കേണൽ സോഫിയ ഖുറേഷിയും. ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഓപ്പറേഷന്റെയും ദൗത്യത്തിനിടെ നേടിയ ലക്ഷ്യങ്ങളുടെയും ഔദ്യോഗിക വിശദാംശങ്ങൾ അവതരിപ്പിച്ച വ്യോമിക സിങ്, ഇന്ത്യൻ സായുധ സേനയെ പ്രതിനിധീകരിക്കുന്ന ചുരുക്കം ചില വനിതാ ഓഫീസർമാരിൽ ഒരാളാണ്.

ആരാണ് വിങ് കമാൻഡർ വ്യോമിക സിംഗ്?

കുട്ടിക്കാലത്ത് കണ്ട ഒരു സ്വപ്നത്തിൽ നിന്നാണ് വ്യോമസേനയിലേക്കുള്ള വിംഗ് കമാൻഡർ വ്യോമിക സിങ്ങിന്റെ യാത്ര ആരംഭിച്ചത്. സ്കൂൾ കാലം മുതൽ തന്നെ പറക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. ആകാശവുമായി ബന്ധിപ്പിക്കുന്ന “വ്യോമിക” എന്ന പേരിന്റെ അർത്ഥം അവളുടെ സ്വപ്നത്തെ കൂടുതൽ കരുത്തുള്ളതാക്കി. വ്യോമിക എന്നാൽ ആകാശത്ത് വസിക്കുന്നവൾ അല്ലെങ്കിൽ ആകാശത്തിന്റെ മകൾ എന്നാണ് അർത്ഥമാക്കുന്നത്.

നാഷണൽ കേഡറ്റ് കോർപ്സിൽ (എൻസിസി) ചേർന്നാണ് അവർ തന്റെ ലക്ഷ്യം തുടങ്ങിയത്. പിന്നീട് എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ഇന്ത്യൻ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായി അവർ കമ്മീഷൻ ചെയ്യപ്പെട്ടു. സൈന്യത്തിൽ ചേരുന്ന അവരുടെ കുടുംബത്തിലെ ആദ്യ വ്യക്തിയായിരുന്നു വ്യോമിക സിംഗ്. 2019 ഡിസംബർ 18 ന് ഫ്ലൈയിംഗ് ബ്രാഞ്ചിൽ സ്ഥിരം കമ്മീഷൻ ലഭിച്ചു.

ഉയർന്ന അപകടസാധ്യതയുള്ള ഭൂപ്രദേശങ്ങളിൽ പരിചയ സമ്പന്നയായ ഒരു പൈലറ്റ് വിംഗ് കമാൻഡറായ വ്യോമിക, 2,500 മണിക്കൂറിൽ കൂടുതൽ വിമാനം പറത്തിയതിന്റെ പരിചയ സമ്പത്തുണ്ട്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖലകൾ എന്നിവയുൾപ്പെടെ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിൽ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ അവർ പ്രവർത്തിപ്പിച്ചിട്ടുണ്ട്.

ഒന്നിലധികം രക്ഷാപ്രവർത്തനങ്ങളിൽ അവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2020 നവംബറിൽ അരുണാചൽ പ്രദേശിലായിരുന്നു അവർ നയിച്ച പ്രധാന ദൗത്യങ്ങളിലൊന്ന്. ഉയർന്ന ഉയരത്തിലും, ദുഷ്‌കരമായ കാലാവസ്ഥയിലും, ജീവൻ രക്ഷിക്കുന്നതിന് വ്യോമസഹായം നിർണായകമായ വിദൂര സ്ഥലങ്ങളിലുമാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. 2021ൽ 21,650 അടി ഉയരമുള്ള മണിരംഗ് പർവതത്തിലേക്കുള്ള വനിതാ പർവതാരോഹണ പര്യവേഷണത്തിൽ വ്യോമികയും ഉണ്ടായിരുന്നു.

നിർണായകമായ ഇത്തരമൊരു നിമിഷത്തിൽ ജനങ്ങളെയും സൈന്യത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർണായക കണ്ണിയായാണ് വിംഗ് കമാൻഡർ വ്യോമിക സിംഗ് പ്രവർത്തിച്ചത്. യുദ്ധ മേഖലയിലെ പോലെ തന്നെ അതിനപ്പുറം ജനങ്ങൾക്ക് സൈന്യം നൽകുന്ന സംരക്ഷണത്തിന്റെ ഉറപ്പ് കൂടിയാണ് നിർണായക വിവരങ്ങൾ ജനകളുമായി പങ്കുവെച്ചുകൊണ്ട് വ്യോമസേന ഔധ്യോഗസ്ത നിർവഹിച്ചത്.

കേണൽ സോഫിയ ഖുറേഷി

കേണൽ സോഫിയ ഖുറേഷി വളരെക്കാലമായി ധൈര്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ്. പൂനെയിൽ നടന്ന, 18 രാജ്യങ്ങൾ പങ്കെടുത്ത, ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസമായ എക്സർസൈസ് ഫോഴ്‌സ് 18-ൽ ഇന്ത്യൻ കരസേനയുടെ സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറായി ചരിത്രം സൃഷ്ടിച്ച വനിതയാണ് സോഫിയ ഖുറേഷി.18 രാജ്യങ്ങളിൽ നിന്നുള്ള 18 സൈനിക സംഘങ്ങളിൽ ഏക വനിതാ നേതാവായിരുന്നു അവർ അന്ന് 40 അംഗ ഇന്ത്യൻ സംഘത്തെ നയിച്ചു.

ഗുജറാത്ത് സ്വദേശിയായ സോഫിയ സൈനിക ആശയ വിനിമയങ്ങളുടെയും വിവര സംവിധാനങ്ങളുടെയും ഉത്തരവാദിത്തമുള്ള കോർപ്സ് ഓഫ് സിഗ്നൽസിലെ ഒരു ഉദ്യോഗസ്ഥയാണ്. 2006 ൽ കോംഗോയിലെ യുഎൻ സമാധാനപാലന ദൗത്യത്തിൽ സോഫിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സോഫിയ സൈനിക കുടുംബത്തിൽ നിന്നാണ് വരുന്നത്. ഒരു സൈനിക ഉദ്യോഗസ്ഥനെ തന്നെയാണ് വിവാഹം കഴിച്ചിട്ടുള്ളതും. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സൈനിക ശക്തിയുടെ നേതൃത്വത്തിന്റെ പുതിയ യുഗത്തെ കേണൽ സോഫിയ ഖുറേഷി പ്രതിനിധീകരിക്കുന്നു.