ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

വനിതാ സംവരണ ബില്ലിലെ ഭേദഗതി മണ്ഡല പുനഃക്രമീകരണവുമായി ബന്ധപ്പെടുത്തി ഇപ്പോള്‍ കൊണ്ടുവരുന്നതിനു പിന്നില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് പറഞ്ഞു. ബില്ലിന്റെ ഭേദഗതിക്കുമേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്ന രാഹുല്‍ ഗന്ധിയെ ഭരണപക്ഷം പലകുറി ബഹളം വെച്ച് തടയാന്‍ ശ്രമിച്ചു.

”ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ് വനിതാ സംവരണ ബില്‍. സ്ത്രീകള്‍ ഒരു പ്രേരകശക്തിയാണെന്നാണ് ദേശീയ കാഴ്ചപ്പാട്. ഒബിസി, ദലിത്, ന്യൂനപക്ഷം എന്നീ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണ്. അതു ക്ഷമിക്കാനാകില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം. ദലിതരെ ഹിന്ദുക്കളെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവര്‍ക്ക് ഈ രാജ്യത്ത് ഇടം കൊടുക്കുന്നില്ല.”

അടുത്ത 15 വര്‍ഷത്തേക്ക് ജാതിസെന്‍സസിന് പ്രാതിനിധ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ ലോക്‌സഭയില്‍ ബഹളം തുടങ്ങി. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ഒബിസി സംവരണത്തെ എതിര്‍ത്തുവെന്ന് മന്ത്രി കിരണ്‍ റിജിജു വാദിച്ചു. ഇരുകൂട്ടരും പരസ്പരം വാദിക്കുകയും സഭ ബഹളമയമാകുകയും ചെയ്‌തെങ്കിലും രാഹുല്‍ പ്രസംഗം തുടര്‍ന്നു.

ബില്ലിന്മേല്‍ ഇന്നു വൈകുന്നേരം നാലിന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ മുഴുവന്‍ എംപിമാരും എത്തിയിട്ടുണ്ടെന്നാണ് വിവരം. ഭരണഘടനാ ഭേദഗതി ആയതിനാല്‍ മൂന്നില്‍ 2 ഭൂരിപക്ഷം വേണമെന്നതാണു സര്‍ക്കാരിനു മുന്നിലെ വെല്ലുവിളി. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തുനിന്നു കാര്യമായ പിന്തുണ ലഭിക്കാന്‍ ഇടയില്ല. അതേസമയം, മണ്ഡല പുനര്‍നിര്‍ണയം നടത്തുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50% വീതം വര്‍ധിക്കുമെന്നും പ്രാതിനിധ്യം കുറയില്ലെന്നും ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തുനിന്ന് ആരെങ്കിലും പിന്തുണയ്ക്കുമോ എന്നും സര്‍ക്കാര്‍ നോക്കുന്നുണ്ട്. രാജ്യസഭയില്‍ മാത്രം അംഗങ്ങളുള്ള ബിജെഡി ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബില്‍ പാസാകാതെ വന്നാല്‍ അത് പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ പന്ത്രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച രാത്രി 1.20നാണ് അവസാനിച്ചത്. രാജ്യസഭയില്‍ ബില്ലുകള്‍ ഇന്ന് അവതരിപ്പിക്കും.