നാഷണൽ ഹെറാൾഡ്
1938ൽ ജവഹർലാൽ നെഹ്‌റുവും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ചേർന്ന് ആരംഭിച്ച പത്രമാണ് നാഷണൽ ഹെറാൾഡ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയങ്ങൾ പങ്കിടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) കമ്പനിയാണ് പത്രം പ്രസിദ്ധീകരിച്ചത്. 1942 ൽ ബ്രിട്ടീഷ് ഭരണകൂടം പത്രത്തെ പിരിച്ചുവിട്ടു. പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം പത്രം വീണ്ടും പ്രസിദ്ധീകരിച്ച് തുടങ്ങി. 1947 ൽ പ്രധാനമത്രി പദത്തിലേക്ക് എത്തുന്നതോടെ നെഹ്‌റു പത്രത്തിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ചു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായി നാഷണൽ ഹെറാൾഡ് മാറി. 2008ൽ, 90 കോടിയിലധികം രൂപയുടെ കടബാധ്യതയോടെ പത്രം അടച്ചുപൂട്ടി.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെക്കുറിച്ച്
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ജവഹർലാൽ നെഹ്‌റുവിന്റെ ആശയമായിരുന്നു. 1937ൽ, 5,000 മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെ ഓഹരി ഉടമകളാക്കി നെഹ്‌റു സ്ഥാപനം ആരംഭിച്ചു. കമ്പനി പ്രത്യേകിച്ച് ആരുടെയും സ്വന്തമല്ലായിരുന്നു. 2010ൽ കമ്പനിയിൽ 1,057 ഓഹരി ഉടമകളുണ്ടായിരുന്നു. ഇത് നഷ്ടത്തിലായി, 2011ൽ അതിന്റെ ഓഹരികൾ യംഗ് ഇന്ത്യയിലേക്ക് മാറ്റി.
2008 വരെ എജെഎൽ മൂന്ന് പത്രങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്. നാഷണൽ ഹെറാൾഡ് പത്രത്തെ ഇംഗ്ലീഷിലും, ക്വാമി ആവാസ് ഉറുദുവിലും, നവജീവൻ ഹിന്ദിയിലും ആണ് പ്രസിദ്ധീകരിച്ചത്. 2016 ജനുവരി 21ന്, ഈ മൂന്ന് ദിനപത്രങ്ങളും വീണ്ടും ആരംഭിക്കാൻ എജെഎൽ തീരുമാനിച്ചു.
എജെഎല്ലിന്റെ ഓഹരികൾ ഏറ്റെടുത്ത യംഗ് ഇന്ത്യ ലിമിറ്റഡിനെക്കുറിച്ച്,
കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന രാഹുൽ ഗാന്ധി ഡയറക്ടറായി 2010ലാണ് യംഗ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായി. 50 ലക്ഷം രൂപയ്ക്കാണ് യംഗ് ഇന്ത്യ എജെഎല്ലിന്റെ ഓഹരികൾ ഏറ്റെടുക്കുന്നത്. യംഗ് ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കൈവശമാണ്. ബാക്കി 24% കോൺഗ്രസ് നേതാക്കളായ മോട്ടിലാൽ വോറയുടെയും ഓസ്‌കാർ ഫെർണാണ്ടസിന്റെയും കൈവശമാണ്. കമ്പനിക്ക് വാണിജ്യപരമായ പ്രവർത്തനങ്ങളിലെന്നും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയാണെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി 2014ൽ സമർപ്പിച്ച പരാതിയിൽ നിന്നാണ് നാഷണൽ ഹെറാൾഡ് കേസുണ്ടാകുന്നത്. 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ യങ് ഇന്ത്യ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ 2,000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി സ്വന്തമാക്കാനുള്ള ക്രിമിനൽ ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചു. എജെഎൽ ഓഹരി 988 കോടി രൂപയാണെന്നും അനുബന്ധ ആസ്തികളുടെ നിലവിലെ വിപണി മൂല്യം 5,000 കോടി രൂപയാണെന്നും ഇഡി കണക്കാക്കുന്നു.
കേസിലെ കോൺഗ്രസിന്റെ മറുപടി
യങ് ഇന്ത്യ “ചാരിറ്റി ലക്ഷ്യത്തോടെ” സൃഷ്ടിക്കപ്പെട്ടതാണെന്നും ലാഭത്തിനുവേണ്ടിയല്ലെന്നും കോൺഗ്രസ് പാർട്ടി അവകാശപ്പെടുന്നത്. കമ്പനിയുടെ ഓഹരികൾ കൈമാറ്റം ചെയ്യുന്നതിനുള്ള “വാണിജ്യ ഇടപാട്” ആയതിനാൽ ഇടപാടിൽ “നിയമവിരുദ്ധത” ഇല്ലെന്നും അവർ അവകാശപ്പെടുന്നു. സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയെ “രാഷ്ട്രീയ പ്രേരിത”മെന്ന പേരിൽ തന്നെയാണ് ആദ്യം മുതൽ കോൺഗ്രസ് മുദ്രകുത്തിയിട്ടുള്ളത്.
AJL – Young Indian का सच
❌Young Indian ने AJL को takeover कर लिया – झूठ
❌गांधी परिवार इससे खूब पैसा बना रहा है – झूठ
❌सोनिया जी और राहुल जी ने पैसे की हेराफेरी की – झूठ
▪️Associated Journals Ltd क्या है?
• Associated Journals Ltd एक अखबार निकालती है, नाम है -…
— Jairam Ramesh (@Jairam_Ramesh) April 16, 2025
കേസിന്റെ നാൾ വഴികൾ
- ഡിസംബർ 2015: പരാതിയെത്തുടർന്ന്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മോട്ടിലാൽ വോറ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ എന്നിവർക്ക് പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.
- 2016: അഞ്ച് പ്രതികൾക്കും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സുപ്രീം കോടതി ഇളവ് നൽകിയെങ്കിലും അവർക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ വിസമ്മതിച്ചു.
- 2018: 56 വർഷം പഴക്കമുള്ള പെർപെച്വൽ ലീസ് കേന്ദ്രം അവസാനിപ്പിക്കുകയും എജെഎൽ ഇനി ഒരു അച്ചടി അല്ലെങ്കിൽ പ്രസിദ്ധീകരണ പ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹെറാൾഡ് ഹൗസ് പരിസരത്ത് നിന്ന് ഒഴിപ്പിക്കാൻ നീക്കം നടത്തുകയും ചെയ്തു. 1962 ൽ കെട്ടിടം അനുവദിച്ചതിന്റെ പ്രഖ്യാപിത ഉദ്ദേശ്യം ഇതാണ്.
- 2019: എജെഎല്ലിനെതിരായ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു.
- 2021: സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ പട്യാല ഹൗസ് കോടതിയിൽ നിന്നുള്ള 2014 ജൂണിലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചു.
- 2023: നവംബറിൽ ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലുള്ള സ്ഥാവര സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.
- 2025: കഴിഞ്ഞയാഴ്ച, അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ കണ്ടുകെട്ടിയ 661 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കൾ കൈവശപ്പെടുത്താൻ നോട്ടീസ് പുറപ്പെടുവിച്ചതായി ഏജൻസി അറിയിച്ചു.
- 2025: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 3, 4 പ്രകാരം ഇ.ഡി.യുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻകെ മട്ട ഏപ്രിൽ 9 ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റുള്ളവർ എന്നിവർക്കെതിരെ 988 കോടി രൂപ വെളുപ്പിച്ചതായി കുറ്റപത്രം സമർപ്പിച്ചു.
ഇഡി കുറ്റപത്രത്തിൽ സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. 5000 കോടി രൂപയുടെ വിപണി മൂല്യം ഉള്ള വസ്തുവകകൾ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കൈക്കലാക്കിയെന്നും അസോസിയേറ്റഡ് ജേർണൽസ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ അഞ്ച് വ്യക്തികൾക്കും, രണ്ട് കമ്പനികൾക്കും എതിരെയാണ് ഇഡി കുറ്റപത്രം ഫയൽ ചെയ്തത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിത്രോദ, സുമൻ ദുബെ, സുനിൽ ഭണ്ഡാരി എന്നിവർക്ക് പുറമെ യങ് ഇന്ത്യ, ഡോടെക്സ് മെർച്ചൻഡൈസ് എന്നീ കമ്പനികൾക്കെതിരെയുമാണ് കുറ്റപത്രം ഫയൽ ചെയ്തതിരിക്കുന്നത്. കുറ്റപത്രം 25ന് ഡൽഹി റൗസ് അവന്യു കോടതി പരിഗണിക്കും.
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കാൻ ഭരണകക്ഷിയായ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമായാണ് കോൺഗ്രസ് കേസിനെ വാദിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് യാങ് ഇന്ത്യ എന്നും. എജെഎല്ലിന്റെ ആസ്തികൾ കൈമാറ്റം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്കും സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ കഴിയില്ലെന്നും കോൺഗ്രസ് പറയുന്നു.
Read more
എജെഎല്ലിന്റെ ബാധ്യതകൾ തീർക്കുക മാത്രമാണ് ഉദ്ദേശിച്ചതെന്നും നാഷണൽ ഹെറാൾഡിനെ പുനരുജ്ജീവിപ്പിക്കുക, ലാഭം നേടുന്നതിനുപകരം അതിന്റെ പാരമ്പര്യം സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും കോൺഗ്രസ് വാദിക്കുന്നു. കുറ്റപത്രം ഒരു ‘രാഷ്ട്രീയ പകപോക്കൽ’ മാത്രമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.