പരീക്ഷാത്തട്ടിപ്പിനു വിചിത്രമാര്‍ഗം; കൈവിരലിലെ തൊലി അടര്‍ത്തി സുഹൃത്തിന്റെ വിരലില്‍ വെച്ചുപിടിപ്പിച്ചു!

കൈ റെയില്‍വേ ജോലിക്കായുള്ള മത്സരപരീക്ഷയില്‍ ജയിക്കാനായി വിചിത്ര മാര്‍ഗത്തിലൂടെ ഉദ്യോഗാര്‍ഥിയുടെ തട്ടിപ്പ്. കൈവിരലിലെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ വിരലില്‍ പതിപ്പിച്ച് തട്ടിപ്പിന് ശ്രമിച്ച യുവാവിനെ കൈയോടെ പിടികൂടി. ഗുജറാത്തിലെ ലക്ഷ്മിപുരയില്‍ നടന്ന റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.

ബയോമെട്രിക് പരിശോധനയില്‍ പിടിക്കപ്പെടാതാരിക്കാനാണ് യുവാവ് സ്വന്തം കൈവിരലിലെ തൊലി അടര്‍ത്തിയെടുത്ത് സുഹൃത്തിന്റെ വിരലില്‍ വെച്ചുപിടിപ്പിച്ചത്. മിടുക്കനായ കൂട്ടുകാരനെക്കൊണ്ട് പരീക്ഷയെഴുതിച്ച് ജോലി നേടാമെന്നായിരുന്നു യുവാവിന്റെ പദ്ധതി. എന്നാല്‍, അധികൃതരുടെ പരിശോധനയില്‍ ഇരുവരും കുടുങ്ങി.

ബയോമെട്രിക് പരിശോധനയില്‍ വിരലടയാളം ശരിയാകാത്തതിനാല്‍ രാജ്യഗുരുവിനെ അധികൃതര്‍ തടഞ്ഞു. രാജ്യഗുരുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ വിരല്‍ പരിശോധിച്ചപ്പോള്‍ തൊലി അടര്‍ന്നു താഴെവീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവത്തിന്റെ ചുരുളഴിയുകയായിരുന്നു.

മനീഷ് കുമാര്‍, രാജ്യഗുരു ഗുപ്ത എന്നിവരാണ് പരിശോധനയില്‍ പിടിയിലായത്. മനീഷാണ് വിരലിലെ തൊലി നീക്കി കൂട്ടുകാരന്റെ വിരലില്‍ പിടിപ്പിച്ചത്. തനിക്ക് പകരം മിടുക്കനായ രാജ്യഗുരു പരീക്ഷയെഴുതിയാല്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പറഞ്ഞു.