ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ ജഡ്ജിമാർ

ജുഡീഷ്യറിയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ നിക്ഷിപ്ത താൽപര്യക്കാര്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ച് 21 മുന്‍ ജഡ്ജിമാർ. മുന്‍ സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരായ 21 പേരാണ് കത്തെഴുതിയത്. സുപ്രീം കോടതി ജഡ്ജുമാരായിരുന്ന ദീപക് വർമ്മ, ക്രിഷ്ണ മുരാരി, ദിനേഷ് മഹേശ്വരി, എം.ആർ ഷാ എന്നിവരടക്കമാണ് കത്തെഴുതിയിട്ടുള്ളത്. ജൂഡീഷ്യറിക്ക് മുകളില്‍ സമ്മര്‍ദത്തിന് ശ്രമം നടക്കുന്നതായും ജുഡീഷ്യറിയെ സംരക്ഷിക്കണമെന്നും കത്തിൽ പറയുന്നു.

ജുഡീഷ്യറിയെ തകർക്കാനുള്ള ശ്രമങ്ങൾക്ക് തടയിടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ജുഡീഷ്യറിക്കെതിരായ ജനത്തിന്റെ വികാരം ഉയരുന്ന രീതിയിൽ തെറ്റായ വിവരങ്ങൾ വരുന്നതിനും കത്തിൽ വിമർശനമുണ്ട്. പൊതുജനത്തിന് നിയമ സംവിധാനത്തിന് മേലുള്ള വിശ്വാസ്യത തകർക്കാണ് ചിലർ ശ്രമിക്കുന്നത്. ചില കോടതി ഉത്തരവുകൾ മാത്രം പുകഴ്ത്തുകയും മറ്റുള്ളവയെ ഇകഴ്ത്തുന്നതും ഇത്തരം ശ്രമങ്ങളുടെ ഭാഗമാണ്. ഈ ശ്രമങ്ങളെല്ലാം തന്നെ ചില സ്ഥാപിത താൽപര്യക്കാരുടെ ശ്രമങ്ങളുടെ ഫലമാണെന്നും കത്തിൽ വിശദമാക്കിയിട്ടുണ്ട്.

ഇത്തരം സ്ഥാപിത താൽപര്യക്കാരുടെ തന്ത്രങ്ങൾ ശല്യപ്പെടുത്തുന്നതാണെന്നും കത്തിൽ മുൻ ജഡ്ജിമാർ വിശദമാക്കി. ജനാധിപത്യത്തിന്റെ തൂണായി പ്രവർത്തിക്കേണ്ട ജുഡീഷ്യറിയെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നത് ആശങ്ക പരത്തുന്നതാണെന്നും കത്തിൽ പറയുന്നു. പൊതുജനത്തിന് നിയമ സംവിധാനത്തിന്മേലുള്ള ആശങ്കയാണ് കത്തെഴുതാനുള്ള പ്രേരണയെന്ന് ജഡ്ജിമാർ പറഞ്ഞു. നേരത്തെ ഹരീഷ സാൽവെ, പിങ്കി ആനന്ദ് അടക്കമുള്ള 600ഓളം അഭിഭാഷകരും സമാനമായി ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ചിരുന്നു.