തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ വന്ദേമാതരം ചൊല്ലിയതിനെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ടിവികെ. വന്ദേമാതരം ആദ്യം പാടിയത് ലോക്ഭവന്റെ നിർദേശ പ്രകാരമെന്ന് മന്ത്രി ആദവ് അർജുന പറഞ്ഞു. കേന്ദ്ര സർക്കാർ സർക്കുലർ അനുസരിക്കണമെന്ന് ലോക് ഭവൻ സമ്മർദ്ദം ചെലുത്തിയന്നും ഇനി അങ്ങിനെ ഉണ്ടാകില്ലെന്നും തമിഴ് തായ് വാഴ്ത്ത് ആദ്യം പാടുമെന്നും ആദവ് അർജുന പറഞ്ഞു.
ചടങ്ങിന് പിന്നാലെ തുടക്കത്തിലെ കല്ലുകടിയ്ക്ക് കാരണമായത് തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം പാടിയതായിരുന്നു. തമിഴ് തായ് വാഴ്ത്ത് തമിഴ്ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ പരിപാടികളിലും ആദ്യം പാടിയിരുന്നത് ഇതുതന്നെ. അതാണ് വിജയ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മാറിയത്. വന്ദേമാതരത്തിനും ദേശഭക്തിഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്.
Read more
ബിജെപിയെ സന്തോഷിപ്പിയ്ക്കാനായാണ് വിജയ് ഇത് ചെയ്തത് എന്നായിരുന്നു ഡിഎംകെയുടെ ആരോപണം. തമിഴ് നാടിനെയും തമിഴ് ജനതയെയും ടിവികെ അവഹേളിച്ചുവെന്നും ഡിഎംകെ കുറ്റപ്പെടുത്തി. ഇതാണോ വിജയ് കൊണ്ട് വരാൻ ശ്രമിച്ച മാറ്റം എന്നും ഡിഎംകെ ചോദിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സഭയിൽ മറുപടി പറയണമെന്നും തമിഴ് തായ് വാഴ്ത്തിന് പ്രഥമ പരിഗണ ലഭിക്കുന്നു എന്ന് ടി വി കെ ഉറപ്പാക്കണം എന്നും സിപിഐ ആവശ്യപ്പെട്ടു.







