ബി.ജെ.പി നേതാവ് ചിന്മയാനന്ദ് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച യു.പി വിദ്യാർത്ഥിനി കവർച്ചക്കേസിൽ അറസ്റ്റിൽ

ബി.ജെ.പി നേതാവ്  ചിന്മയാനന്ദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച യു.പി സ്വദേശിയായ നിയമ വിദ്യാർത്ഥിനി, കവര്‍ച്ചക്കേസില്‍  അറസ്റ്റിലായി. ഇന്ന് രാവിലെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് പൊലീസ് കൊണ്ടുപോയത്. പൊലീസ് വന്ന് ചെരിപ്പുകൾ പോലും ഇടാൻ സമ്മതിക്കാതെ പെൺകുട്ടിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ചു കൊണ്ടുപോയതായി കുടുംബം ആരോപിച്ചു.

പൊലീസ് സംഘം പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച ശേഷം അറസ്റ്റ് ചെയ്തു. ബലാത്സംഗ കേസിൽ വെള്ളിയാഴ്ച അറസ്റ്റു ചെയ്യപ്പെട്ട 72- കാരനായ ചിന്മയാനന്ദ് ജയിലിലല്ല കഴിയുന്നത്, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇയാളെ ആശുപത്രിയിലാണ് താമസിപ്പിച്ചിരിക്കുന്നത്.

അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന വിദ്യാർത്ഥിനിയുടെ അഭ്യർത്ഥന വ്യാഴാഴ്ച കേൾക്കാൻ കോടതി സമ്മതിച്ചിരുന്നു. ഇന്നലെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിനായി 23- കാരിയായ യുവതി യു.പിയിലെ ഷാജഹാൻപൂരിലെ കോടതിയിലേക്ക് പോവുന്നതിനിടെ യു.പി പൊലീസിന്റെ ഒരു വലിയ സംഘം നാടകീയമായി യുവതിയെ തടഞ്ഞിരുന്നു. യുവതിയെ വാഹനത്തിൽ കയറി ഇരിക്കാൻ നിർബന്ധിച്ചു എന്നും കോടതിയിൽ വാദം കേൾക്കുവാനുണ്ടെന്ന് പറഞ്ഞ് പൊലീസിനൊപ്പം പോകാൻ യുവതി വിസമ്മതിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്. സംഘർഷാവസ്ഥ ഉണ്ടാകുകയും മാധ്യമങ്ങൾ എത്തുകയും ചെയ്തതോടെ പൊലീസ് യുവതിയെ കോടതിയിൽ പോകാൻ അനുവദിക്കുകയായിരുന്നു.

മുൻ കേന്ദ്രമന്ത്രിയും ശക്തനായ ബി.ജെ.പി നേതാവുമായ ചിന്മയാനന്ദ് തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നാണ് പെൺകുട്ടിയുടെ ആരോപണം. ചിന്മയാനന്ദ് തന്നോട് മെസ്സേജുകൾ അയക്കാൻ നിർബന്ധിച്ചിരുന്നു എന്നും ഒരു വർഷത്തോളം ബലാത്സംഗം ചെയ്തു എന്നും പരാതിയിൽ പറയുന്നു.