മാധ്യമ പ്രവർത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി, അധിക്ഷേപിച്ച്‌ കേന്ദ്രമന്ത്രി അജയ് മിശ്ര

 

ഉത്തർപ്രദേശിൽ മാധ്യമ പ്രവർത്തകന്റെ മൈക്ക് പിടിച്ചുവാങ്ങി ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച്‌ കേന്ദ്രമന്ത്രി. ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മകൻ ആശിഷ് മിശ്രയെ കുറിച്ച് ചോദിച്ചപ്പോഴാണ് അജയ് മിശ്ര മാധ്യമ പ്രവർത്തകർക്കു നേരെ മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. മകന്റെ അറസ്റ്റിനെ തുടർന്ന് മന്ത്രിസ്ഥാനത്ത് നിന്നും രാജിവെയ്‌ക്കണം എന്ന സമ്മർദ്ദം നേരിടുകയാണ് അജയ് മിശ്ര.

ലഖിംപൂർ ഖേരിയിൽ ഒരു ഓക്‌സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്ര മന്ത്രി. ഇതിനിടെയാണ് മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയത്. സംഭവത്തിന് ഒരു ദിവസം മുമ്പ് മന്ത്രി ആശിഷ് മിശ്രയെ ജയിലിൽ പോയി കണ്ടിരുന്നു.

മാധ്യമ പ്രവർത്തകർക്കെതിരെ കേന്ദ്ര മന്ത്രി അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നതും അവരെ “ചോർ (കള്ളന്മാർ)” എന്ന് വിളിക്കുന്നതും വീഡിയോയിൽ കാണാം.

കൊല്ലണമെന്ന ഉദ്ദേശത്തോടെ ആശിഷ് മിശ്ര തന്റെ വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്നാണ് ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ടത് എന്ന അന്വേഷണ സമിതി റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കേന്ദ്ര മന്ത്രിക്ക് ദേഷ്യം വന്നത്.

ആശിഷ് മിശ്രയ്‌ക്കും മറ്റുള്ളവർക്കുമെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് എടുത്തിരിക്കുന്ന കേസ് പരിഷ്‌കരിക്കണമെന്നും കൊലപാതകശ്രമം, മനഃപൂർവം പരിക്കേൽപ്പിക്കുക എന്നീ കുറ്റങ്ങൾ ചുമത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആശിഷ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നത്.