'ഉമര്‍ മുഹമ്മദ് അന്തര്‍മുഖൻ, ക്ലാസില്‍ താലിബാന്‍ മാതൃക നടപ്പാക്കി'; മുസമ്മിലിനെ കണ്ടിട്ടില്ലെന്ന് അല്‍ ഫലാഹ് കോളേജിലെ വിദ്യാര്‍ഥികള്‍

ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധമുള്ള ഡോ. ഉമര്‍ മുഹമ്മദ്, ഡോ. മുസമ്മില്‍ സയീദ് എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍. ഡോ. ഉമര്‍ മുഹമ്മദ് അന്തര്‍മുഖനായിരുന്നുവെന്നും തന്റെ ക്ലാസുകളില്‍ ‘താലിബാന്‍ മാതൃക’ നടപ്പിലാക്കിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യാ ടുഡേയുടെ പ്രത്യേക അന്വേഷണ സംഘം ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഡോക്ടര്‍മാരുമായുള്ള തങ്ങളുടെ അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കുവെച്ചിട്ടുള്ളത്. ഡോ. ഉമര്‍ മുഹമ്മദ്, ഡോ. മുസമ്മില്‍ സയീദ് എന്നീ ഡോക്ടര്‍മാര്‍ ഇവിടെ പഠിപ്പിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

ഡോ. ഉമര്‍ മുഹമ്മദ് തന്റെ ക്ലാസ് മുറിയില്‍ കര്‍ശനമായ വേര്‍തിരിവ് സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ”ഞങ്ങള്‍ മുസമ്മിലിനെ കണ്ടിട്ടില്ല. ഉമര്‍ ഞങ്ങള്‍ക്കറിയാവുന്ന അധ്യാപകനായിരുന്നു. ഞങ്ങളുടെ ബാച്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് ഇരുന്നിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് അതില്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല. അത് ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു. പക്ഷേ അദ്ദേഹം വന്ന് ഞങ്ങളെ വെവ്വേറെ ഇരുത്തുമായിരുന്നു.” ഒരു എംബിബിഎസ് വിദ്യാര്‍ത്ഥി പറഞ്ഞു.

സര്‍വകലാശാല ജീവനക്കാരുടെ അഭിപ്രായത്തില്‍, ഉമര്‍ അന്തര്‍മുഖനും ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനുമായിരുന്നു. ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്ന്, അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുത്തനെ കുറവുണ്ടായതായി അധികൃതര്‍ പറയുന്നു. സ്‌ഫോടനം ആശുപത്രിയില്‍ എത്തുന്ന ജനങ്ങളില്‍ ഭയത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

Read more