കോവിഡ് പ്രതിസന്ധി: ഊബര്‍ ഇന്ത്യ 600 ജീവനക്കാരെ പിരിച്ചു വിട്ടു

കോവിഡ് പ്രതിസന്ധി മൂലം രാജ്യത്തെ നിരവധി കമ്പനികളിലെ തൊഴിലാളികൾക്ക്  ശമ്പളം മുടങ്ങുകയോ ജോലി തന്നെ നഷ്ടമാകുകയോ ചെയ്തു. കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധി മൂലം തങ്ങളുടെ  25 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടുവെന്ന്  ഊബര്‍ ഇന്ത്യ വ്യക്തമാക്കി. ഊബറിലെ 600 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്.

കോവിഡ് 19-ന്‍റെ ആഘാതത്തില്‍ നിന്ന് എപ്പോള്‍ കര കയറാന്‍ കമ്പനിക്ക് കഴിയും എന്നത് സംബന്ധിച്ച് ഒരു അവ്യക്തതയുള്ളതിനാല്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയല്ലാതെ തങ്ങള്‍ക്കു മുമ്പില്‍ മറ്റ് വഴികളില്ലെന്ന് പറയുന്നു ഊബര്‍. ഇത് ഡ്രൈവര്‍മാരും മറ്റ് എല്ലാ പ്രവര്‍ത്തന മേഖലയിലുള്ള ജീവനക്കാരും അടക്കം 600 ജീവനക്കാരെ ദുരിതത്തിലാക്കുമെന്നും പ്രസിഡന്‍റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു.

ഞങ്ങളുടെ ഈ ഊബര്‍ ഫാമിലിയില്‍ നിന്ന് ഞങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ പടിയിറങ്ങുകയാണ്. ഇന്ന് ഞങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം സങ്കടകരമായ ദിവസമാണ് പ്രദീപ് പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു. കമ്പനി ഇതിനകം പ്രഖ്യാപിച്ച ആഗോള തൊഴില്‍ വെട്ടിക്കുറയ്ക്കലിന്‍റെ ഭാഗമാണ് ഈ പിരിച്ചുവിടലുകളെന്നും ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്നുവെന്നും ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഊബര്‍ ടെക്‍‌നോളജീസ് തങ്ങളുടെ 23 ശതമാനം ജീവനക്കാരെയാണ് ഇതിനകം പിരിച്ചു വിട്ടത്. 6700 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ 3700 പേര്‍ക്ക് ഈ മാസമാണ് ജോലി ഇല്ലാതായത്. എല്ലാ ജീവനക്കാര്‍ക്കും കുറഞ്ഞത് 10 ആഴ്ച ശമ്പളം, അടുത്ത ആറ് മാസത്തേക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ഔട്ട്പ്ലെയ്സ്‌മെന്‍റ് പിന്തുണ, എന്നിവ ലഭിക്കും.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം നാലാംഘട്ട ലോക്ക്ഡൗണില്‍ ആയിരിക്കെയാണ് ഊബര്‍ ഇന്ത്യയുടെ ഈ തീരുമാനം പുറത്തു വന്നിരിക്കുന്നത്. സമാനമായി മറ്റുള്ള കമ്പനികളും ചിന്തിച്ചു തുടങ്ങിയാലുള്ള ഭവിഷ്യത്തിനെ കുറിച്ചാണ് ഇപ്പോള്‍ ലോകം ആശങ്കപ്പെടുന്നത്.