ഡല്‍ഹിയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം; ഒമ്പത് പേര്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ രണ്ടിടങ്ങളില്‍ വന്‍ തീപിടുത്തം. ആനന്ദ് പര്‍വത്ത് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും, ആസാദ് മാര്‍ക്കറ്റിലുമാണ് തീപിടുത്തമുണ്ടായത്. ആനന്ദ് പര്‍വത്തില്‍ പത്ത് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ആറ് അഗ്നിശമന സേനാംഗങ്ങള്‍ക്കും മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ആസാദ് മാര്‍ക്കറ്റില്‍ ഇന്ന് പുലര്‍ച്ചെ 4.45ഓടെയാണ് അപകടം നടന്നത്. എല്‍പിജി സിലിണ്ടറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. പിന്നാലെ 20 ഫയര്‍ എഞ്ചിനുകളുടെ സഹായത്തോടെ 7.30 ഓടെ തീ നിയന്ത്രണ വിധേയമാക്കി.

മാര്‍ക്കറ്റിലെ മൂന്ന് കെട്ടിടങ്ങളിലേക്കാണ് തീ പടര്‍ന്നതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ രജീന്ദര്‍ അത്വാള്‍ പറഞ്ഞു.

കെട്ടിടങ്ങള്‍ കത്തി നശിച്ച നിലയിലാണ്. ജെസിബി ഉള്‍പ്പെടെയുള്ള ദുരന്തനിവാരണ സംഘങ്ങളെ സ്ഥലത്തെത്തിച്ച് തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണ്. തീ പിടിത്തമുണ്ടായ കടയുക്കെതിരെ നിയമനടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു.