ബസില്‍ പൂവന്‍ കോഴിയെയും കൊണ്ട് യാത്ര, ടിക്കറ്റെടുപ്പിച്ച് കണ്ടക്ടര്‍

ബസില്‍ യാത്ര ചെയ്ത പൂവന്‍ കോഴിക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി കണ്ടക്ടര്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ടി.എസ്.ആര്‍.ടി.സി) ബസിലാണ് യാത്രക്കാരന്‍ കോഴിയെയും കൊണ്ട് യാത്ര ചെയ്തത്. പൂവന്‍ കോഴിയെ ഒളിപ്പിച്ചിരിക്കുന്നത് കണ്ട് കണ്ടക്ടര്‍ ടിക്കറ്റ് എടുപ്പിക്കുകയായിരുന്നു.

തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലാണ് സംഭവം. തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു പൂവന്‍ കോഴി. അതിനാല്‍ കണ്ടക്ടര്‍ ആദ്യം കോഴിയെ കണ്ടിരുന്നില്ല. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കണ്ടക്ടര്‍ യാത്രക്കാരനായ മുഹമ്മദ് അലിയോട് ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടു. ബസുകളിലെ ജീവനുള്ളവരില്‍ നിന്നെല്ലാം ചാര്‍ജ് ഈടാക്കുമെന്ന് കണ്ടക്ടര്‍ പറഞ്ഞു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് 30 രൂപ നല്‍കുകയായിരുന്നു.

കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതോടെ ടി.എസ്.ആര്‍.ടി.സി അധികൃതര്‍ സംഭവം അറിഞ്ഞു. ടി.എസ്.ആര്‍.ടി.സി ബസുകളില്‍ മൃഗങ്ങളെ അനുവദിക്കാത്തതിനാല്‍ കണ്ടക്ടര്‍ യാത്രക്കാരനോട് കോഴിയുമായി ഇറങ്ങാന്‍ ആവശ്യപ്പെടണമായിരുന്നു എന്ന് ഗോദാവരിക്കാനി ഡിപ്പോ മാനേജര്‍ വി.വെങ്കിടേശം പറഞ്ഞു.

മൃഗങ്ങളെ ബസുകളില്‍ കയറ്റുന്നത്  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. കോഴിയെ യാത്ര തുടങ്ങും മുമ്പ് കണ്ടെത്താന്‍ കഴിയാഞ്ഞത് കണ്ടക്ടറുടെ പിഴവാണ്. ഇതിന് പുറമേ പൂവന്‍കോഴിയെ കണ്ടിട്ടും യാത്രക്കാരനെ ഇറക്കി വിടുന്നതിന് പകരം കോഴിയ്ക്ക് ടിക്കറ്റ് നല്‍കി വീണ്ടും തെറ്റ് ചെയ്തു. അതിനാല്‍ കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് ടി.എസ്.ആര്‍.ടി.സി അറിയിച്ചിരിക്കുന്നത്.