ഛത്തീസ്ഗഡിൽ 2012ലെ പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത് 17 ഗ്രാമീണർ; മാവോയിസ്റ്റുകളെന്ന് വരുത്തിത്തീർക്കാൻ ശ്രമം; ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ട് ചോർന്നു

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ സാർക്കെഗുഡയിൽ നടന്ന ആസൂത്രിത വെടിവെയ്പിൽ 17 ഗ്രാമവാസികളെ പൊലീസ് കൊലപ്പെടുത്തി എന്നും ഇത് മാവോയിസ്റ്റ് ഉന്മൂലനമായി വരുത്തി തീർത്തെന്നും കണ്ടെത്തൽ. 2012 ജൂൺ 28-ന് നടന്ന സംഭവത്തിൽ ജസ്റ്റിസ് വിജയ് കുമാർ അഗർവാൾ ജുഡിഷ്യൽ അന്വേഷണം നടത്തിയിരുന്നു, അന്വേഷണത്തിൽ ഏഴ് വർഷത്തെ വാദം കേട്ട ശേഷം ഒരു മാസം മുമ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് കൊല്ലപ്പെട്ടവർ സാധാരണക്കാരായിരുന്നെന്ന് കണ്ടെത്തിയത്. ഈ റിപ്പോർട്ട് ഞായറാഴ്ച ചോർന്നിരുന്നു.

വെടിവെയ്പിൽ കൊല്ലപ്പെട്ടവർ മാവോയിസ്റ്റുകളല്ലെന്ന് പൊലീസ് വ്യക്തമായി സൂചിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഗ്രാമവാസികളുടെ ഭാഗത്തു നിന്ന് വെടിയുതിർത്തുവെന്ന പൊലീസ് അവകാശവാദം തെറ്റാണെന്നും ലക്ഷ്യമിട്ട സംഘം മാവോയിസ്റ്റുകളാണെന്നോ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതായോ തെളിവുകൾ നൽകാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

സർകേഗുഡ ഗ്രാമത്തിലെ 17 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്ന് അന്നത്തെ ബി.ജെ.പി സർക്കാർ ഒരു അംഗ ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. ഒരു മാസം മുമ്പ് കമ്മീഷൻ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. ഒക്ടോബർ 17- ന് വിരമിക്കുന്നതിന് മുമ്പ് ജസ്റ്റിസ് അഗർവാൾ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഇത് ശനിയാഴ്ച രാത്രി ഛത്തീസ്ഗഡ് മന്ത്രിസഭയിൽ ഹാജരാക്കി തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ പിഴവുണ്ടെന്ന് കമ്മീഷൻ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടുകെട്ടിയെന്ന പൊലീസിന്റെ അവകാശവാദവും റിപ്പോർട്ട് നിരസിക്കുന്നു.

നീതിക്കു വേണ്ടിയുള്ള ഗ്രാമീണരുടെ പോരാട്ടമാണിതെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ അഭിഭാഷക ഇഷ ഖണ്ടേൽവാൾ പറയുന്നു. നീതി സാദ്ധ്യമാണെന്നാണ് ഇത് തെളിയിക്കുന്നത്, റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ കണ്ടതായും എന്നാൽ ഔദ്യോഗിക പകർപ്പുകളൊന്നും തനിക്ക് അല്ലെങ്കിൽ ഗ്രാമീണർക്ക് കൈമാറിയിട്ടില്ലെന്നും അവർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

2012- ൽ സർക്കെഗുഡ ഏറ്റുമുട്ടൽ വ്യാജമെന്ന് പറഞ്ഞ കോൺഗ്രസ് റിപ്പോർട്ട് ഒരു മാസത്തോളം തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ബേല ഭാട്ടിയ പറഞ്ഞു. ഇരകൾക്ക് നീതി ലഭിക്കാൻ താത്പര്യമുണ്ടെങ്കിൽ സർക്കാർ ഇത് വളരെ നേരത്തെ സഭയിൽ ഹാജരാക്കണമായിരുന്നു അവർ പറഞ്ഞു.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉള്ള ബസ്തറിൽ നടന്ന മറ്റ് വെടിവെയ്പുകളിലെ സുരക്ഷാസേനയുടെ അവകാശവാദങ്ങളും പരിശോധിക്കപ്പെടുന്നുണ്ട്. സെപ്റ്റംബർ 23 ന് ദന്തേവാഡ ജില്ലയിലെ കുത്രെമിൽ നടന്ന പൊലീസ്-മാവോയിസ്റ്റ് വെടിവയ്പ്പും ഇപ്പോൾ വ്യാജമാണെന്ന ആരോപണം ഉണ്ട്.