സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്ന് ആര്യൻ ഖാൻ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാര്യ

 

തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും സുരക്ഷ അപകടത്തിലാണെന്നും സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി റെഡ്കർ വാങ്കഡെ. ആര്യൻ ഖാൻ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ യൂണിറ്റിന്റെ സോണൽ ഡയറക്ടറാണ് സമീർ വാങ്കഡെ.

“സമീർ വാങ്കഡെയുടെയും ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും സുരക്ഷ അപകടത്തിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മൂന്ന് പേർ വീട്ടിൽ വന്ന് പരിശോധന നടത്തിയിരുന്നു. ഈ ആളുകൾ വളരെ അപകടകാരികളാണ്, അവർ എന്ത് ചെയ്യും എന്നതിനെ കുറിച്ച് ഒരു സൂചനയും ഇല്ല.” ക്രാന്തി റെഡ്കർ വാങ്കഡെ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ അരുൺ ഹൽദാറും ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള എൻസിബി ഓഫീസർ സമീർ വാങ്കഡെയുടെ വസതി സന്ദർശിച്ചിരുന്നു. യഥാർത്ഥ രേഖകൾ പരിശോധിക്കാനാണ് അരുൺ ഹൽദാർ വീട്ടിൽ എത്തിയതെന്ന് ക്രാന്തി റെഡ്കർ പറഞ്ഞു. ഇനി തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നവർക്കെതിരെ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.

“ഞങ്ങൾ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് നൽകും. കുടുംബത്തിന് സുരക്ഷ നൽകണം.” തന്റെ കുടുംബത്തിന്റെ സുരക്ഷയെ കുറിച്ച് സംസാരിച്ച സമീർ വാങ്കഡെയുടെ ഭാര്യ പറഞ്ഞു.

“എന്റെ കുട്ടികൾ വളരെ ചെറുപ്പമാണ്, അവരുടെ സുരക്ഷ വളരെ പ്രധാനമാണ്. ഞങ്ങൾ വീട്ടിലില്ലാത്തപ്പോൾ അവരുടെ സുരക്ഷ ആരു നോക്കും?” ക്രാന്തി റെഡ്കർ ചോദിച്ചു.

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ സമീർ വാങ്കഡെ പക്ഷപാതം കാണിച്ചു എന്ന് നേരത്തെ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു. ഇതോടൊപ്പം, പണം തട്ടിയെടുക്കൽ പോലുള്ള ഗുരുതരമായ ആരോപണങ്ങളും ഉന്നയിക്കുകയും വാങ്കഡെയുടെ ജനന സർട്ടിഫിക്കറ്റ്, വിവാഹം എന്നിവയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

ഒക്‌ടോബർ 2 നാണ് ഗോവയിലേക്ക് പോവുകയായിരുന്ന കോർഡേലിയ ക്രൂയിസ് കപ്പലിലെ ലഹരിമരുന്ന് പാർട്ടി എൻസിബി സംഘം റെയിഡ് ചെയ്തത്. കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേർ അറസ്റ്റിലായിരുന്നു.