രണ്ടാം കർഷക പ്രക്ഷോഭം; രാത്രി രണ്ട് മണിവരെ ടിയര്‍ ഗ്യാസും, രാസവാതക പ്രയോഗവും നടത്തി പൊലീസ്, 150ഓളം കര്‍ഷകര്‍ക്ക് പരിക്ക്

കെ സഹദേവൻ

ദില്ലിയിലെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തടിച്ചുകൂടിയ കര്‍ഷകര്‍ക്ക് നേരെ രാത്രി രണ്ട് മണിവരെ പോലീസ് ടിയര്‍ ഗ്യാസും, രാസവാതക പ്രയോഗവും നടത്തി. 2000ത്തിലധികം ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കപ്പെട്ടതായി കണക്കാക്കുന്നു.

റബ്ബര്‍ ബുള്ളറ്റ്, ടിയര്‍ഗ്യാസ് പ്രയോഗങ്ങളില്‍ 150ഓളം കര്‍ഷകര്‍ക്ക് പരിക്ക് പറ്റിയതായി കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. അതേസമയം പോലീസുകാരില്‍ ഒരാള്‍ക്കു പോലും പരിക്ക് പറ്റിയില്ലെന്നതും ശ്രദ്ധേയമാണ്.

ദില്ലി ചലോ മാര്‍ച്ചിന്റെ ഒന്നാം ദിവസം 8 ലെയര്‍ സെക്യൂരിറ്റി തടസ്സങ്ങളില്‍ 4 എണ്ണം കര്‍ഷകര്‍ ഭേദിച്ചു. അടുത്ത 4 ലെയറുകള്‍ തകര്‍ത്ത് കര്‍ഷകര്‍ ഇന്ന് ദില്ലി നഗരത്തിലേക്കുള്ള മാര്‍ച്ച് തുടരുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. ഹരിയാനയില്‍ ഫെബ്രുവരി 15വരെ ഇന്റര്‍നെറ്റ് നിരോധനം നീട്ടിയതായി സര്‍ക്കാര്‍ പത്രക്കുറിപ്പ്.

2021 ഡിസമ്പര്‍ 9ന് ഒന്നാം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നല്‍കിയ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിക്ക് കത്തെഴുതി. കര്‍ഷകര്‍ക്ക് നല്‍കിയ വാ്ഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച, കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ എ്ന്നിവയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 16ന് രാജ്യ വ്യാപകമായി പണിക്ക് മുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

കർഷകർക്ക് നേരെയുണ്ടായ ടിയർഗ്യാസ് – റബ്ബർ ബുള്ളറ്റ് പ്രയോഗത്തെ കർഷക നേതാവ് നരേഷ് ടികായത് അപലപിച്ചു. ഗഢ് വാല ഖാപ് നേതാവ് ബൽജിത് മലിക് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഹരിയാനയിലെ ജിന്ദിൽ ഐക്യദാർഢ്യം അറിയിച്ചു.