ജർമ്മനി നാസി ഭരണത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന കാലത്തിന് സമാനം... ജെ.എൻ.യുവിൽ സംഭവിച്ചത് എന്താണെന്ന് മോദി പറയണം: നൊബേൽ ജേതാവ് അഭിജിത് ബാനർജി

ജെ.എൻ.യു കാമ്പസിൽ എന്താണ് നടന്നതെന്ന് പറയാൻ മോദി സർക്കാർ ബാദ്ധ്യസ്ഥനാണെന്ന് നൊബേൽ ജേതാവും മുൻ ജെഎൻയു വിദ്യാർത്ഥിയുമായ അഭിജിത് ബാനർജി. സർവകലാശാലയിൽ ഇന്നലെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അഭിജിത് ബാനർജി മോദി സർക്കാരിനെ ചോദ്യം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിച്ഛായയെ കുറിച്ച് ശ്രദ്ധിക്കുന്ന ഏതൊരു ഇന്ത്യക്കാരനും ആശങ്കപ്പെടേണ്ടതായ സംഭവമാണ് ജെഎൻയുവിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

“ലോകത്തിലെ രാജ്യത്തിന്റെ പ്രതിച്ഛായയെ കുറിച്ച് ശ്രദ്ധിക്കുന്ന ഏതൊരു ഇന്ത്യക്കാരനും വിഷമിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഞാൻ കരുതുന്നു. ജർമ്മനി നാസി ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന വർഷങ്ങളിലേതിന് സമാനമായ അവസ്ഥയാണ് ഇന്ത്യയിൽ.” ന്യൂസ് 18.കോമിനോട് സംസാരിച്ച അഭിജിത് ബാനർജി പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതിന്റെ സത്യം സർക്കാർ യഥാർത്ഥത്തിൽ പറയണമെന്നും എതിർ ആരോപണങ്ങൾ നടത്തുകയല്ല വേണ്ടതെന്നും അഭിജിത് ബാനർജി കൂട്ടിച്ചേർത്തു.

80- കളിൽ ജെഎൻയു കാമ്പസിൽ മാസ്റ്റേഴ്സ് ചെയ്ത നൊബേൽ സമ്മാന ജേതാവ് ഞായറാഴ്ച നടന്ന അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചു.

“പരിക്കേറ്റവരെ കുറിച്ച് എനിക്ക് ശരിക്കും ആശങ്കയുണ്ട്. എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അഭിജിത് ബാനർജി പറഞ്ഞു. ജെഎൻ‌യു വിദ്യാർത്ഥിയായിരിക്കെ, വൈസ് ചാൻസലർക്കെതിരായ പ്രക്ഷോഭത്തെ തുടർന്ന് അഭിജിത് ബാനർജി കുറച്ചു നാളത്തേക്ക് തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്.