ആദ്യഘട്ട പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചന; മമതയുടെ നുണകൾക്ക് ഇനി ആയുസില്ല; 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടും : അമിത് ഷാ

ബംഗാളില്‍ ആദ്യഘട്ട പോളിംഗ് ശതമാനം വ്യക്തമാക്കുന്നത് മാറ്റത്തിൻ്റെ ശക്തമായ സൂചനയെന്ന് അമിത് ഷാ. ഭയത്തിൽ നിന്ന് വിശ്വാസത്തിലേക്കുള്ള മാറ്റമാണ് കണ്ടത്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ ജനം വലിയ ഉത്സാഹമാണ് കാണിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിൽ നല്ല ഭൂരിപക്ഷത്തിൽ ബിജെപി അധികാരത്തിൽ വരും മമത ബാനർജിക്ക് ഇനി നിലനിൽപില്ല. രണ്ടാം ഘട്ടത്തിലും മികച്ച പോളിംഗ് രേഖപ്പെടുത്തും. ആദ്യഘട്ടത്തിൽ 152 ൽ 110 സീറ്റുകളിലധികം ബിജെപിക്ക് കിട്ടും. മമതയുടെ നുണകൾക്ക് ഇനി ആയുസില്ലെന്നും അമിത് ഷാ പറഞ്ഞു

സ്ത്രീസുരക്ഷ എന്തെന്ന് ഇനി ബംഗാൾ തിരിച്ചറിയും. മണ്ണിൻ്റെ മകൻ ബംഗാളിൽ മുഖ്യമന്ത്രിയാകും. ബംഗാളി സംസാരിക്കുന്ന ബംഗാളിൽ നിന്നുള്ളയാളാകും മുഖ്യമന്ത്രി. പതിനായിരം കോടി രൂപയുടെ അഴിമതിയാണ് മമതയുടെ കാലത്ത് നടന്നത്. അഴിമതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടും എന്നും അദ്ദേഹം പറഞ്ഞു.

നുഴഞ്ഞു കയറ്റക്കാരെ തടയുകയും ഭൂമി കൈയേറ്റം തടയുകയും ചെയ്യും. കടന്നു ചെല്ലാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഉണ്ടാക്കി ആ ആത്മവിശ്വാസമാണ് ബംഗാളിലുമുള്ളത്. പോളിംഗ് ശതമാനത്തിലെ വർധന ഭരണ വിരുദ്ധ വികാരമെന്ന് വ്യക്തമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.