മുഖ്യമന്ത്രിക്ക് ബജറ്റ് മാറിപ്പോയി; അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്; നിയമസഭയില്‍ കുടുങ്ങി അശോക് ഗെഹ്ലോട്ട്; രാജസ്ഥാനില്‍ നാടകീയ സംഭവങ്ങള്‍

രാജസ്ഥാന്‍ നിയമസഭയിലെ ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അബദ്ധം പിണഞ്ഞു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റ് തന്നെയാണ് അദേഹം ഇക്കുറിയും നിയമസഭയില്‍ വായിച്ചത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ആദ്യ രണ്ട് പ്രഖ്യാപനങ്ങള്‍ നടത്തിയത് 2022-23 ബജറ്റിലേതായിരുന്നു. നഗര തൊഴിലവസരങ്ങളെ കുറിച്ചും കൃഷിയെ കുറിച്ചുമാണ് ആദ്യം പ്രഖ്യാപിച്ചത്. ഇത് പഴയ ബജറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചു.

ഈ സമയം കോണ്‍ഗ്രസ് അംഗങ്ങള്‍ പുതിയ ബജറ്റ് തേടി പോവുകയും ഉദ്യോഗസ്ഥര്‍ പുതിയ ബജറ്റ് എത്തിച്ചു നല്‍കുകയുമായിരുന്നു. എന്നാല്‍ പുതിയ ബജറ്റ് അവതരിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ ബഹളംവെച്ചു. ഈ ബജറ്റ് അവതരിപ്പിക്കാനാകില്ല. മുഖ്യമന്ത്രിയാണ് ബജറ്റ് കൊണ്ടുവരേണ്ടത്. ബജറ്റ് ചോര്‍ന്നോയെ്‌ന് ബി.ജെ.പി നേതാവ് ഗുലാബ് ചന്ദ് ഗട്ടാരിയ സഭയില്‍ ചോദിച്ചു.

സ്പീക്കര്‍ സഭ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നതോടെ സഭ അരമണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. തുടര്‍ന്ന് സഭ സമ്മേളിച്ചപ്പോള്‍ ബിജെപി എംഎല്‍എ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടര്‍ന്നു. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബജറ്റിന് നിര്‍ണായക പ്രാധാന്യമാണുണ്ടായിരുന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു.

ബജറ്റ് ചോര്‍ന്നിട്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലുള്ള ഒരു പേജ് റഫറന്‍സിന് വേണ്ടി പുതിയ ബജറ്റിനൊപ്പം വെച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് ചോര്‍ന്നുവെന്നത് പ്രതിപക്ഷത്തിന്റെ ഭാവന; വില കുറഞ്ഞ രാഷ്ട്രീയക്കളിയില്‍ ബജറ്റ് ഉപേക്ഷിക്കില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. ബജറ്റ് പരിശോധിക്കാതെ, വായിക്കാതെയാണ് മുഖ്യമന്ത്രി അവതരണത്തിന് എത്തിയതെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ ആക്ഷേപിച്ചു.