മതനേതാവിനെ അറസ്റ്റ് ചെയ്തത് ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിനല്ല, സ്ത്രീവിരുദ്ധതയുടെ പേരിൽ

കഴിഞ്ഞ മാസം ഹരിദ്വാറിൽ മുസ്ലീങ്ങളുടെ വംശഹത്യക്ക് ആഹ്വാനം ചെയ്ത് പരിപാടി സംഘടിപ്പിച്ച മതനേതാവ് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത് സ്ത്രീക്കെതിരെയുള്ള ആക്ഷേപകരമായ പരാമർശത്തിനാണ്, അല്ലാതെ ഹരിദ്വാറിലെ ധരം സൻസദിൽ (മതസമ്മേളനത്തിൽ) നടത്തിയ വിദ്വേഷ പ്രസംഗത്തിനല്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വിദ്വേഷ പ്രസംഗ കേസിലും മതനേതാവിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഈ കേസിലും ഇയാൾ റിമാൻഡ് ചെയ്യപ്പെടുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

“നിലവിൽ ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലല്ല, സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത്. ആ കേസിൽ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തെ റിമാൻഡ് ചെയ്യും, നടപടിക്രമങ്ങൾ തുടരുകയാണ്. ഞങ്ങൾ വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാൻഡ് അപേക്ഷയിൽ ഉൾപ്പെടുത്തും,” പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട നരസിംഹാനന്ദിനെതിരായ നിലവിലെ കേസ് മറ്റ് മതങ്ങളിലെ സ്ത്രീകൾക്കെതിരായ ആക്ഷേപകരവും അപമാനകരവുമായ പരാമർശങ്ങൾക്ക് ഈ മാസം ആദ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. എഫ്‌ഐആറിൽ സ്ത്രീകളെ അപമാനിച്ചതിന് പുറമെ വിദ്വേഷ പ്രസംഗവും ചുമത്തിയിട്ടുണ്ട്. എന്നാൽ, ഇത് ഹരിദ്വാറിലെ ധരം സൻസദിലെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടതല്ല.

കഴിഞ്ഞ മാസം ഹരിദ്വാർ ” ധരം സൻസദ്” (മത സമ്മേളനത്തിൽ) നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പേരുള്ളവരിൽ യതി നരസിംഹാനന്ദും ഉൾപ്പെടുന്നു. മതം മാറുന്നതിന് മുമ്പ് വസീം റിസ്‌വിയായിരുന്ന ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയാണ് കേസിൽ ഇതുവരെ അറസ്റ്റിലായ ഏക പ്രതി. സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം, സുപ്രീം കോടതി ഇടപെടലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌.

ഡിസംബർ 17 മുതൽ 20 വരെ നടന്ന ഹരിദ്വാർ പരിപാടിയിൽ നിന്നുള്ള ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും മുൻ സൈനിക മേധാവികൾ, വിരമിച്ച ജഡ്ജിമാർ, ആക്ടിവിസ്റ്റുകൾ, അന്താരാഷ്ട്ര ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ എന്നിവരിൽ നിന്ന് നിശിത വിമർശനം നേരിടുകയും ചെയ്തു.

പരിപാടി സംഘടിപ്പിച്ചവരും വിദ്വേഷ പ്രസംഗം നടത്തിയവരും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്.