"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവില്ലായ്മ മറച്ചു വെയ്ക്കാൻ ശ്രമിച്ചതിന് ജയശങ്കറിന് നന്ദി": രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസിൽ നടത്തിയ “ട്രംപ് സർക്കാർ” അഭിപ്രായത്തിനും, രാജ്യത്തിൻറെ നയങ്ങൾക്ക് വിരുദ്ധമായി യു.എസ് രാഷ്ട്രീയത്തിൽ ഇന്ത്യ ഇടപെടുന്നതിനെ പറ്റിയുള്ള തർക്കങ്ങൾക്കുമിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ട്വീറ്ററിലൂടെ പരിഹാസരൂപത്തിൽ നന്ദി അറിയിച്ച് രാഹുൽ ഗാന്ധി .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവില്ലായ്മ മറച്ചു വെയ്ക്കാൻ ശ്രമിച്ചതിന് ജയശങ്കറിന് നന്ദി. അദ്ദേഹത്തിന്റെ അംഗീകാരമാണ് ഡെമോക്രാറ്റുകൾക്ക് ഇന്ത്യയുമായി ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. താങ്കളുടെ ഇടപെടലിലൂടെ ഇത് പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നയതന്ത്രത്തെ കുറിച്ച് കുറച്ചൊക്കെ മോദിയെ പഠിപ്പിക്കുക. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

അടുത്ത വർഷം വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കഴിഞ്ഞ ആഴ്ച യു.എസിൽ നടത്തിയ “ഹൗഡി, മോദി!” പരിപാടിക്കിടെ “അബ് കി ബാർ ട്രംപ് സർക്കാർ(ഇത്തവണയും ട്രംപ് സർക്കാർ) ” എന്ന മുദ്രാവാക്യം മോദി ഉപയോഗിച്ചിരുന്നു. ഇതിനെതിരെ വിമർശനം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന ഇന്ത്യയുടെ ദീർഘകാല നയത്തെ പ്രധാനമന്ത്രി മോദി ലംഘിച്ചുവെന്നായിരുന്നു കോൺഗ്രസ് ആരോപണം.

എന്നാൽ ഡൊണൾഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉപയോഗിച്ച കാര്യങ്ങളെ പരാമർശിക്കാനാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, യു.എസിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ, മോദിയെ ന്യായീകരിച്ചിരുന്നു.