ബി.ജെ.പി അനുകൂല ന്യൂസ് ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി ആര്‍.ജെ.ഡി നേതാവ് ത്വേജസി യാദവ്

ബി.ജെ.പി അനുകൂല ന്യൂസ് ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍.ജെ.ഡി നേതാവ് ത്വേജസി യാദവ്. പ്രതിപക്ഷ നേതാക്കള്‍ക്ക് എഴുതിയ കത്തിലാണ് ത്വേജസി യാദവ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ” മോദി മാധ്യമങ്ങളെ ബഹിഷ്‌കരിക്കുക ” എന്ന അഭ്യര്‍ത്ഥനയുമായി ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും രംഗത്തു വന്നിട്ടുണ്ട്.

ഒരു ചാനലിന്റെ പേരും പ്രത്യേകമായി എടുത്ത പറയാതെയാണ് ആഹ്വാനം. മാധ്യമങ്ങളെ തെറ്റായി ഉപയോഗിക്കുന്നത് കോണ്‍ഗ്രസിന്റെ മടിയില്‍ ഇരിക്കുന്ന ത്വേജസി യാദവാണെന്ന മറുപടിയുമായി ബി.ജെ.പി രംഗത്ത് വന്നിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, എസ് പി നേതാവ് അഖിലേഷ് യാദവ്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവര്‍ക്കാണ് ത്വേജസി ഈ കത്ത് അയച്ചിരിക്കുന്നത്. ഇത് കത്ത് അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചിട്ടുണ്ട്.

എല്ലാ പ്രതിപക്ഷ കക്ഷികളെയും അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വൈകുന്നേരങ്ങളിലും ബി.ജെ.പി അനുകൂല ന്യൂസ് ചാനലുകള്‍ പ്രവര്‍ത്തിക്കുന്നതായി ത്വേജസി കത്തില്‍ ആരോപിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ടെലിവിഷന്‍ മാധ്യമങ്ങളിലെ ശക്തമായ വിഭാഗം ബി.ജെ.പിക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവ് റാഞ്ചിയിലെ ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നും “ബോയ്‌കോട്ട് മോദി മീഡിയ” ഹാഷ്ടടാഗ് പ്രത്യക്ഷപ്പെട്ടു. ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുന്നതിന് ലാലു പ്രസാദ് യാദവ് ചുമതലപ്പെടുത്തിയവരാണ് ബി.ജെ.പി അനുകൂല മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.