ആകാശ മോഹം ടാറ്റയെ കുത്തുപാളയെടുപ്പിച്ചു; വിമാന കമ്പനികളില്‍ 15,530 കോടിയുടെ നഷ്ടം; ലാഭം നോക്കേണ്ടെന്ന് ടാറ്റ സണ്‍സ്; 13,000 കോടി കൂടി നിക്ഷേപിക്കും

ടാറ്റ ഗ്രൂപ്പില്‍ വന്‍ നഷ്ടം വരുത്തിവെച്ച് വിമാന കമ്പനികള്‍. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വിമാന കമ്പനികള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 15,530 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ടാറ്റ സണ്‍സ് സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം എയര്‍ ഇന്ത്യ 11,216.32 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും 37,928.70 കോടി രൂപ വരുമാനം നേടുകയും ചെയ്തു. മറ്റ് ഗ്രൂപ്പ് വിമാന കമ്പനികളായ എയര്‍ഏഷ്യ ഇന്ത്യയും വിസ്താരയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടം രേഖപ്പെടുത്തി. എയര്‍ ഏഷ്യ ഇന്ത്യ 2,750 കോടി രൂപയുടെ അറ്റണ്ട നഷ്ടവും ഗ്രൂപ്പിന്റെ 51% കൈവശമുള്ള വിസ്താര 1,393.34 കോടി രൂപയുടെ നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍, എയര്‍ ഇന്ത്യയുടെ സഹ സ്ഥാപനമായി പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 116.84 കോടി രൂപയുടെ അറ്റാദായം നേടി ടാറ്റയ്ക്ക് കരുത്തായിട്ടുണ്ട്. ടാറ്റയുടെ കീഴിലുള്ള വിമാന കമ്പനികളില്‍ ലാഭമുണ്ടാക്കിയ ഒരേയൊരു സ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

കഴിഞ്ഞ വര്‍ഷം ആദ്യമാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. എയര്‍ഏഷ്യ ഇന്ത്യയും എയര്‍ എക്സ്പ്രസും ലയിപ്പിച്ച് കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനുകള്‍ രൂപീകരിക്കും. കൂടാതെ വിസ്താര എയര്‍ ഇന്ത്യയുമായി ലയിച്ച് മുഴുവന്‍ സമയ സര്‍വീസ് എയര്‍ലൈനായി പ്രവര്‍ത്തിക്കും.

എന്നാല്‍, പഴയ വിമാനങ്ങളും എഞ്ചിനുകളും ഒഴിവാക്കിയതടക്കമുള്ള നഷ്ടമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് ടാറ്റ നല്‍കുന്ന വിവരം. 2023 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ സണ്‍സ് ഏകദേശം 13,000 കോടി രൂപ എയര്‍ലൈന്‍ കമ്പനിയില്‍ നിക്ഷേപിച്ചതായാണ് വിവരം.

ലാഭത്തേക്കാള്‍ ഉപഭോക്തൃ കേന്ദ്രീകൃതത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കണമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് ഈ വര്‍ഷം ആദ്യം എയര്‍ ഇന്ത്യ എത്തിയിരുന്നു. 70 ബില്യണ്‍ ഡോളറിന്റെ 470 വിമാനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ ബസില്‍ നിന്നും 250 വിമാനങ്ങളും അമേരിക്കന്‍ വിമാന നിര്‍മ്മാതാക്കളായ ബോയിംഗില്‍ നിന്നും 220 വിമാനങ്ങളും എയര്‍ ഇന്ത്യ വാങ്ങും. ലോകത്തിലെ എക്കാലത്തെയും വലിയ ഒറ്റത്തവണ വിമാനം വാങ്ങലാണ് ഇത്. ഈ പുതിയ വിമാനങ്ങളുടെ മൊത്തം ഓര്‍ഡര്‍ മൂല്യം ഏകദേശം 2,46,000 കോടി രൂപയാണ്.