തമിഴ്നാട്ടിൽ കോവിഡ് രോ​ഗബാധ 20,000-ത്തിലേക്ക്; ഇന്ന് മരിച്ചത് 12 പേർ

കോവിഡ് രോ​ഗബാധിതരുടെ എണ്ണത്തിൽ തമിഴ്നാട്ടിൽ ദിനംപ്രതി വൻ വർദ്ധന. ഇന്ന് 827 പേർക്കാണ് തമിഴ്നാട്ടിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 559 പേരും ചെന്നൈ സ്വദേശികളാണ്. ഇതോടെ തമിഴ്നാട്ടിൽ ആകെ രോ​ഗബാധിതരുടെ എണ്ണം 19372 ആയി.

ഇന്ന് 12 പേരാണ് തമിഴ്നാട്ടിൽ കോവിഡ് രോ​ഗബാധ മൂലം മരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ബുധനാഴ്ച മാത്രം 792 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരായ പൊലീസുകരുടെ എണ്ണം 2000 കടന്നു. പുതിയതായി 131 പൊലീസുകരിൽ കൂടി വൈറസ് ബാധ കണ്ടെത്തി. ഇതുവരെ സംസ്ഥാനത്ത് 22 പൊലീസുകാർക്ക് വൈറസ് ബാധമൂലം ജീവൻ നഷ്ടമായി.

ഇതുവരെ 57,88,073 പേർക്കാണ് ലോകത്താകമാനം കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വർദ്ധന രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗം നിയന്ത്രിക്കാൻ സാധിക്കാത്തത് വെല്ലുവിളിയായി തന്നെ നിലനിൽക്കുകയാണ്.

വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 24, 97,140 പേർക്കാണ് രോഗം ഭേദമായത്. അതേസമയം കോവിഡ്-19 മൂലം മരിച്ചവരുടെ എണ്ണം 3,57,400 ആയി. അമേരിക്കയിലും ബ്രസീലിലുമാണ് നിലവിൽ വൈറസിന്റെ ആഘാതം വലിയ രീതിയിൽ അനുഭവപ്പെടുന്നത്.