'ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്': അകമ്പടി വാഹനങ്ങൾ കുറച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ഉത്തരവിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. താൻ യാത്ര ചെയ്യുന്ന സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സ്റ്റാലിൻ പൊലീസിന് നിർദേശം നൽകി.

സ്റ്റാലിന്റെ വാഹനവ്യൂഹം പോകുന്നതിനിടെ മറ്റു വാഹനങ്ങൾ തടയുന്നതിനാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നു എന്ന റിപ്പോർട്ടുകലെ തുടർന്നാണ് മുഖ്യമന്ത്രി ശനിയാഴ്ച പൊലീസിന് നിർദ്ദേശം നൽകിയത്.

ഇതനുസരിച്ച്, അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം മുമ്പത്തേതിൽ നിന്ന് ആറായി കുറഞ്ഞു. നേരത്തെ ഇത് പന്ത്രണ്ടായിരുന്നു. “തന്റെ യാത്രയ്ക്കിടെ പൊതു ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ ട്രാഫിക് പൊലീസിന് നിർദ്ദേശം നൽകി,” എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Read more

ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടിലെ ഒരു മുഖ്യമന്ത്രി തന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശിക്കുന്നത് ഇത് ആദ്യമായാണ്.