"എന്റെ അടുത്ത് വന്ന് നിൽക്കൂ, ഇങ്ങോട്ട് വാ ചേച്ചി, എല്ലാവരും ഒന്ന് കാണട്ടെ ആളുകൾ അറിയട്ടെ "; വനിതാ റിപ്പോർട്ടറെ അവഹേളിച്ച് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ

മാധ്യമപ്രവർത്തകയെ അവഹേളിച്ച ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. തന്നോട് ചോദ്യം ചോദിച്ച വനിതാ റിപ്പോർട്ടറെയാണ് ഇയാൾ അപമാനിച്ചത്. “എന്റെ അടുത്ത് വന്ന് നിൽക്കൂ. ആരാണ് എന്നോട് ഇത്തരമൊരു ചോദ്യം ചോദിച്ചതെന്ന് ആളുകൾ ടിവിയിലൂടെ കാണട്ടെ. ചോദ്യങ്ങൾ ചോദിക്കുന്നതിന് ഒരു രീതിയുണ്ട്. ഇത്രയും ബ്രില്യന്‍റായ ചോദ്യം ചോദിച്ചയാളെ എട്ട് കോടി ആളുകൾ അറിയട്ടെ”- എന്നായിരുന്നു ബിജെപി നേതാവിന്റെ വാക്കുകൾ.

സംസ്ഥാന പ്രസിഡന്‍റ് അല്ലായിരുന്നുവെങ്കില്‍ ബിജെപിയിൽ തുടരുമായിരുന്നോ എന്ന് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴാണ് അണ്ണാമലൈ രൂക്ഷമായി പ്രതികരിച്ചത്. ആരാണ് ചോദ്യം ചോദിച്ചതെന്ന് എല്ലാവർക്കും കാണാനായി തന്റെ അടുത്ത് വന്നു നിൽക്കാൻ അണ്ണാമലൈ മാധ്യമ പ്രവര്‍ത്തകയോട് ആവശ്യപ്പെടുകയായിരുന്നു.ഇങ്ങോട്ട് വാ ചേച്ചി എല്ലാവരും ഒന്ന് കാണട്ടെ എന്നുമായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.

” ഞാൻ മുഴുവൻ സമയ രാഷ്ട്രീയക്കാരനല്ല.കർഷകന്‍ എന്നതാണ് എന്‍റെ മേല്‍വിലാസം.അതിനുശേഷം രാഷ്ട്രീയക്കാരനാണ് ബിജെപിക്കൊപ്പമാണ്” – അണ്ണാമലൈ പറഞ്ഞു. കോയമ്പത്തൂർ പ്രസ് ക്ലബ് അണ്ണാമലൈയുടെ പെരുമാറ്റത്തെ അപലപിച്ചു.മാധ്യമ ധാർമികത പ്രസംഗിക്കും മുമ്പ് അണ്ണാമലൈ നേതാവാകാനുള്ള നൈതികത പഠിച്ച് മാന്യമായി പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് കോയമ്പത്തൂർ പ്രസ് ക്ലബ് പ്രസിഡന്റ് എ.ആർ ബാബു പറഞ്ഞു.

“ഇത്തരമൊരു അഹങ്കാരം ഞാൻ ആരിലും കണ്ടിട്ടില്ല. ജയലളിതയിലോ മോദിയിലോ അമിത് ഷായിലോ പോലും ഇല്ല. താന്‍ മനുഷ്യരാശിക്കുള്ള ദൈവത്തിന്‍റെ സമ്മാനമാണെന്ന് അദ്ദേഹം സ്വയം കരുതുന്നു”- കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി രാമചന്ദ്രന്‍ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു

അതേ സമയം പ്രതിഷേധങ്ങൾ ഉയർന്നതോടെ തന്റെ ഭാഗം ന്യായീകരിച്ച് അണ്ണാമലൈ തന്നെ രംഗത്തെത്തി. ശരിയായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ മാത്രമാണ് താൻ റിപ്പോർട്ടറെ ഉപദേശിച്ചതെന്ന് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അണ്ണാമലൈ പറഞ്ഞു- ‘നല്ല ഉദ്ദേശ്യത്തോടെ ഞാൻ നിങ്ങളെ ഉപദേശിക്കുകയാണ് സഹോദരി” എന്നായിരുന്നു വിശദീകരണം.