14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

ബിഹാര്‍ പാട്‌നയില്‍ യുവാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു. ബിഹാറിലെ അരാരിയ ജില്ലയിലെ തരബാരി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് യുവാവിനെയും പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുവാവിന്റെയും പെണ്‍കുട്ടിയുടെയും മരണ വിവരം അറിഞ്ഞതിന് പിന്നാലെ സംഘടിച്ചെത്തിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഗ്രാമവാസികള്‍ക്ക് പരിക്കേറ്റു. ഭാര്യ മരണപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസം മുന്‍പ് യുവാവ് ഭാര്യയുടെ 14 വയസുള്ള സഹോദരിയെ വിവാഹം ചെയ്തത്.

14 വയസുകാരിയെ യുവാവ് തന്റെ ഭാര്യയായി ഒപ്പം താമസിപ്പിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മെയ് 16ന് ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

വൈകുന്നേരത്തോടെയാണ് യുവാവിനെയും പെണ്‍കുട്ടിയെയും പൊലീസ് സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. സ്റ്റേഷന് നേരെ കല്ലെറിയുകയും തീ വയ്ക്കുകയും ചെയ്തു.

നാട്ടുകാരുടെ ആക്രമണത്തില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇതേ തുടര്‍ന്ന് പൊലീസ് ആറ് റൗണ്ട് വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ രണ്ട് നാട്ടുകാര്‍ക്കാണ് പരിക്കേറ്റത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പാട്‌ന പൊലീസ് പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.