താലിബാൻ യഥാർത്ഥ ശരീഅത്ത് നിയമം പാലിക്കണം: മെഹബൂബ മുഫ്തി

അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്ത താലിബാൻ, സ്ത്രീകൾ ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ ഉറപ്പു നൽകുന്നു യഥാർത്ഥ ശരീഅത്ത് (ഇസ്ലാമിക നിയമം) പാലിക്കണമെന്ന് ജമ്മു കശ്മീരിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി ബുധനാഴ്ച പറഞ്ഞു.

താലിബാൻ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയിരുന്നു. മെയ് 1 ന് ആരംഭിച്ച യുഎസ് സേന പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ മിക്കവാറും എല്ലാ പ്രധാന പട്ടണങ്ങളുടെയും നഗരങ്ങളുടെയും നിയന്ത്രണം താലിബാൻ പിടിച്ചെടുത്തു. ഓഗസ്റ്റ് 15 -ന് കാബൂൾ പിടിച്ചെടുത്ത താലിബാൻ, ചൊവ്വാഴ്ച, മുല്ല മുഹമ്മദ് ഹസൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിക്കുകയും ചെയ്തു.

“താലിബാൻ ഒരു യാഥാർത്ഥ്യമായി മുന്നിലെത്തിയിരിക്കുകയാണ്. മനുഷ്യാവകാശ വിരുദ്ധതയായിരുന്നു ആദ്യകാലത്തെ അതിന്റെ പ്രതിച്ഛായ. താലിബാൻ അഫ്ഗാനിസ്ഥാനെ ഭരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും അവകാശങ്ങൾ ഉറപ്പു നൽകുന്ന ഖുറാനിൽ പറഞ്ഞിരിക്കുന്ന യഥാർത്ഥ ശരീഅത്ത് നിയമം പാലിക്കേണ്ടതുണ്ട്,” മെഹബൂബ മുഫ്തി പറഞ്ഞു.

“മദീനയിൽ മുഹമ്മദ് നബി നൽകിയ ഭരണത്തിന്റെ മാതൃക താലിബാൻ പിന്തുടരുകയാണെങ്കിൽ, അത് ലോകത്തിന് മാതൃകയാകുമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായി വ്യവസായം നടത്തണമെങ്കിൽ താലിബാൻ ഇസ്ലാമിന്റെയും ശരീഅത്തിന്റെയും കടുത്ത വ്യാഖ്യാനം ഒഴിവാക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ, അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും,” മെഹബൂബ മുഫ്തി കൂട്ടിച്ചേർത്തു.