നടുത്തളത്തിലിറങ്ങി മുദ്രാവാക്യം; എ.എ റഹീം അടക്കം 19 എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് 19 എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഒരാഴ്ചത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. കേരളത്തില്‍ നിന്നുളള മൂന്നുപേരും ഇതില്‍ ഉള്‍പ്പെടും. എ.എ.റഹീം, വി.ശിവദാസന്‍, പി.സന്തോഷ് കുമാര്‍ എന്നിവരാണ് നടപടി നേരിട്ട മലയാളികള്‍.

കനിമൊഴി സോമു, തൃണമൂല്‍ എംപിമാരായ സുഷ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്‌പെന്‍ഷന്റെ കാരണമായി പറയുന്നത്.

വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളില്‍ 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തില്‍ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം.

ജിഎസ്ടി സ്ലാബ് മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രധാനമായും പ്രതിഷേധിച്ചത്.

19 opposition Rajya Sabha MPs suspended for the remaining part of the week for storming well of the House and raising slogans