കള്ളാക്കുറിച്ചിയിലെ ആത്മഹത്യ; മൃതദേഹം ഏറ്റുവാങ്ങണം, വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചു

തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം എത്രയും പെട്ടെന്ന് ഏറ്റുവാങ്ങണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം അറിയിച്ച് കൊണ്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചു. റീ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ സാഹചര്യത്തില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം ഒളിവില്‍ പോയിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് നടപടി. പോസ്റ്റുമോര്‍ട്ടം നടത്തുന്നവരുടെ മെഡിക്കല്‍ ബോര്‍ഡില്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍മാരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് കുടുംബം ഒളിവില്‍ പോയത്.

ഇന്നലെ വൈകുന്നേരമാണ് റീ പോസ്റ്റുമോര്‍ട്ടം നടന്നത്. പെണ്‍കുട്ടിയുടെ ആത്മഹത്യയെ കുറിച്ച് അനേവഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. സി.ബി.സി.ഐ.ഡി സംഘം സ്‌കൂളില്‍ തെളിവെടുപ്പ് നടത്തി. ജൂലൈ 12ന് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. രണ്ട് അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.

Read more

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി അടുത്ത ദിവസം മരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആരോപണ വിധേയരായ അധ്യാപകര്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങള്‍ കത്തി നശിപ്പിച്ചു. ഇത്േ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷം നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തു.