സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയത് മണ്ണ് മാഫിയ; പുതിയ സംഭവമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ബീഹാര്‍ പാട്‌നയില്‍ മണ്ണ് മാഫിയ സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. മണല്‍ക്കടത്ത് തടയാന്‍ ശ്രമിച്ചതിനാണ് സബ് ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയത്. ബീഹാറിലെ ജാമുയി മഹൂലിയ തണ്ട് ഗ്രാമത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രഭാത് രഞ്ജനാണ് കൊല്ലപ്പെട്ടത്. അനധികൃതമായി ഖനനം ചെയ്ത മണല്‍ കടത്തുകയായിരുന്ന സംഘത്തെ തടയാന്‍ ശ്രമിക്കുമ്പോഴായിരുന്നു പ്രഭാത് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പരിക്കേറ്റ ഹോം ഗാര്‍ഡ് ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ ചികിത്സയിലാണ്. മാഫിയയുടെ ആക്രമണത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടറെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം വിഷയത്തില്‍ പ്രതികരിച്ച ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖറിന്റെ പ്രസ്താവന വിവാദമായി.

ഇത്തരം അക്രമ സംഭവങ്ങള്‍ പുതിയ കാര്യങ്ങളല്ലെന്നും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇതിന് മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. കൊല്ലപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍ പ്രഭാതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഇതേ തുടര്‍ന്ന് പ്രഭാതിന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.