മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള ബിജെപി നീക്കത്തിനെതിരെ കടുത്ത താക്കീതുമായി സ്റ്റാലിന്‍; നാളെ തമിഴ്‌നാട്ടില്‍ കരിങ്കൊടി പ്രതിഷേധം

കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന്റേതടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം തകര്‍ക്കുന്നനീക്കത്തിന് തുടക്കമിടുന്നുവെന്ന് ആരോപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കേന്ദ്രവും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്ക്. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തെത്തിയത്. വ്യാഴാഴ്ച സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

തമിഴ്‌നാടിന്റെ ശബ്ദം ചെവിക്കൊണ്ടില്ലെങ്കില്‍ കേന്ദ്രത്തിന് പ്രത്യാഘാതങ്ങളും വലിയ വിലയും നല്‍കേണ്ടി വരുമെന്ന് സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മണ്ഡലപുനര്‍നിര്‍ണയ വിഷയത്തില്‍ പാര്‍ട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചുചേര്‍ത്തതിന് ശേഷമാണ് സ്റ്റാലിന്റെ പ്രതികരണം. ‘നമ്മുടെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്ന വാള്‍ ഇപ്പോള്‍ നമ്മളിലേക്ക് പതിച്ചിരിക്കുന്നു.’ എന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ എംപിമാരുമായി ചേര്‍ന്ന് നടപടികള്‍ ചെറുക്കാന്‍ ഏകോപിത തന്ത്രങ്ങള്‍ രൂപീകരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യാഴാഴ്ച പാര്‍ലമന്റില്‍ കൊണ്ടുവരാനിരിക്കുന്ന ഡിലിമിറ്റേഷന്‍ ഭേദഗതി ബില്‍ തമിഴ്‌നാടിനോടും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുമുള്ള ചരിത്രപരമായ അനീതിയാണെന്നും അദ്ദേഹം ആരോപിച്ചു. തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് എതിരായ ‘വലിയ, ചരിത്രപരമായ അനീതിയാണ്’ എന്ന് സ്റ്റാലിന്‍ ആരോപിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നല്‍കിയ സംഭാവനയ്ക്കുള്ള ശിക്ഷയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

‘ബിജെപി തീക്കളിയാണ് കളിക്കുന്നത്. നാളെ (ഏപ്രില്‍ 16) തമിഴ്‌നാട്ടിലെ മുഴുവന്‍ വീടുകളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും ഡിലിമിറ്റേഷനെതിരെ പ്രതിഷേധവുമായി കരിങ്കൊടികള്‍ ഉയരും. യൂണിയന്‍ സര്‍ക്കാര്‍ തമിഴ്‌നാടിന്റെ ശബ്ദത്തെ അവഗണിച്ച് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.’

ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലല്ല താന്‍ പറയുന്നതെന്നും ‘തമിഴന്‍’ എന്ന നിലക്കുള്ള മുന്നറിയിപ്പാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഇത് ഏതെങ്കിലും പാര്‍ട്ടികളെയോ വ്യക്തികളെയോ ബാധിക്കുന്നതല്ല. ഇത് നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ചാണ്. നമ്മുടെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും എംപിമാരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലോക്‌സഭയില്‍ 543 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണുള്ളത്, ഈ അംഗസംഖ്യ 850 ആയി ഉയര്‍ത്താനാണ് കേന്ദ്രം ഇപ്പോള്‍ പദ്ധതിയിടുന്നത് സംസ്ഥാനങ്ങള്‍ക്ക് 815 ഉം കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 35 ഉം ലോക്‌സഭ സീറ്റുകളാക്കാന്‍. അതായത് ജനസംഖ്യാ നിയന്ത്രണം ഭംഗിയായി രാജ്യ താല്‍പര്യത്തിന് അനുസരിച്ച് നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ നീക്കം.

ജനസംഖ്യാ വളര്‍ച്ച വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നത് ഒഴിവാക്കാന്‍ പതിറ്റാണ്ടുകളായി ഡീലിമിറ്റേഷന്‍ മരവിപ്പിച്ചിരിക്കുന്നതിനാല്‍, നിലവിലെ സീറ്റ് വിതരണം ഇപ്പോഴും 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, നിര്‍ദ്ദിഷ്ട ഭേദഗതി ഈ ഫ്രീസ് നീക്കം ചെയ്യാനും 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി പുതിയ ഡീലിമിറ്റേഷന്‍ സാധ്യമാക്കാനും ശ്രമിക്കുന്നു. ഇതോടെ ജനസംഖ്യ നിയന്ത്രണത്തില്‍ പുരോഗമനപരമായ നേട്ടം കൈവരിച്ച ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയും. ജനസംഖ്യ നിയന്ത്രമംപാലിക്കാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ എംപിമാരുടെ എണ്ണം കൂട്ടാമെന്ന സ്ഥിതിയാകും. ഇതാണ് ബിജെപി വിഷയത്തില്‍ കാണിക്കുന്ന താല്‍പര്യം.